NEWS
ഭൂമിക്ക് വെളിയിൽ ആദ്യ മനുഷ്യ കോളനി; എന്താണ് നാസയുടെ പുതിയ മൂൺ ബേസ് പ്രോഗ്രാം?

ചന്ദ്രനിൽ സ്ഥിരമായി മനുഷ്യ സാന്നിധ്യം ഉറപ്പാക്കുക എന്ന സുപ്രധാനമായ സ്വപ്ന പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയുടെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ). ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ആദ്യ മനുഷ്യ കോളനി സ്ഥാപിക്കുക. ഇതിന്റെ ആദ്യ പടിയായി റോബട്ടുകളെ അങ്ങോട്ട് അയച്ചുള്ള ദൗത്യങ്ങളായിരിക്കും നടത്തുക. പിന്നീട് ഭാഗികമായി മനുഷ്യവാസം എന്ന ഘട്ടത്തിലേക്ക് കടക്കും. അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ദൗത്യമാണ് നാസ ഇപ്പോൾ ഏറ്റെടുക്കുന്നത്. തുടർന്ന് ഒരു സ്ഥിരം മനുഷ്യ സാന്നിധ്യത്തിന് വേണ്ട ഘടകങ്ങൾ എല്ലാം വിന്യസിക്കും.മനുഷ്യരാശി ഇതുവരെ കൈവരിച്ചിരിക്കുന്ന ശാസ്ത്ര, ടെക്നോളജി മേഖലയിലെ വമ്പൻ നേട്ടങ്ങളുടെ ഒരു പ്രദർശനമായി വേണമെങ്കിലും ഈ പദ്ധതിയെ വീക്ഷിക്കാം. ഭാവിയിൽ ബഹിരാകാശ മേഖലയിൽ ആഴത്തിൽ മനുഷ്യർ നടത്താൻ ആഗ്രഹിക്കുന്ന ബൃഹത്തായ പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്യുന്ന സന്ദർഭമാണിത്. നാം നാളിതുവരെ ചിന്തിക്കാത്ത രീതിയിൽ ചന്ദ്രനെ കേന്ദ്രീകരിച്ച് പുതിയൊരു ലൂനാർ ഇക്കോണമിക്ക് തുടക്കമിടാനും നാസ ഉദ്ദേശിക്കുന്നുണ്ട്. ഈ വാണിജ്യപരമായ നീക്കത്തിന് രാജ്യങ്ങളുടെ സഹകരണവും തേടും. വാഷിങ്ടണിലെ നാസയുടെ ഹെഡ്ക്വാർട്ടേഴ്സിൽ മെയ് 26ന് സംഘടിപ്പിച്ച ചടങ്ങിലാണ് തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ ഏജൻസി വെളിപ്പെടുത്തിയത്. മനുഷ്യർക്ക് അന്യഗ്രഹത്തിൽ ഒരു സ്ഥിരം താവളം എന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്ന് നാസയുടെ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ പറഞ്ഞു.
Source link


