NEWS
ഇ.ഡി വാഹനം ആക്രമിക്കാൻ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കി; പൊലീസിന് ഗുരുതര വീഴ്ച

തിരുവനന്തപുരം ∙ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ പുറത്തു സുരക്ഷ ഒരുക്കുന്നതിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇ.ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനം ആക്രമിക്കാൻ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കു ചില പൊലീസ് ഉദ്യോഗസ്ഥർ സൗകര്യം ഒരുക്കിക്കൊടുത്തെന്ന സംശയവും റിപ്പോർട്ടിലുണ്ട്.ബേക്കറി ജംക്ഷനു സമീപം പിണറായിയുടെ വാടക വീടിനു പുറത്ത് ഡിസിപിയുടെ മേൽനോട്ടത്തിലായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്. മ്യൂസിയം എസ്എച്ച്ഒ ആണ് നേതൃത്വം വഹിച്ചത്. പുറത്തു സംഘടിച്ച പ്രവർത്തകരുടെ കൂട്ടത്തിലുണ്ടായിരുന്ന സിപിഎം മുൻ കൗൺസിലറോടും നിലവിലെ കൗൺസിലറോടും സൗഹൃദ സംഭാഷണത്തിലായിരുന്നു എസ്എച്ച്ഒ എന്നാണ് കണ്ടെത്തൽ. ഇ.ഡി ഉദ്യോഗസ്ഥർ വീട്ടുവളപ്പിൽനിന്നു പുറത്തേക്കിറങ്ങും മുൻപു പ്രവർത്തകരെ നീക്കാൻ പൊലീസിനു കഴിഞ്ഞതുമില്ല. കാർ പുറത്തേക്കിറങ്ങുമ്പോൾ ഇരുവശങ്ങളിലും പിന്നിലും പൊലീസ് സംരക്ഷണവലയം തീർക്കേണ്ടതായിരുന്നു. ഇതിനുള്ള നിർദേശവും മേലുദ്യോഗസ്ഥരിൽനിന്നു ലഭിച്ചില്ല. പ്രവർത്തകർ ചുറ്റും കൂടി കാർ ആക്രമിക്കുമ്പോൾ അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളിലേക്കും കടന്നില്ല. സ്ഥലത്തു വച്ചു പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞില്ല.
Source link


