SPORTS

തകർപ്പൻ ഷോട്ടിനു പിന്നാലെ ബാറ്റ് ചതിച്ചു! ‘ഹിറ്റ് വിക്കറ്റിൽ’ വീണത് ഗുജറാത്ത്, വിശ്വസിക്കാനാകാതെ ഗിൽ- വിഡിയോ


ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഒന്നാം ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോട് 92 റണ്‍സിന്റെ വമ്പൻ തോൽവിയാണു ഗുജറാത്ത് ടൈറ്റൻസ് വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തപ്പോൾ, ഗുജറാത്തിന്റെ മറുപടി 19.3 ഓവറിൽ 162 ൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ മധ്യനിര താരം രാഹുൽ തെവാത്തിയയല്ലാതെ മറ്റാരും ഗുജറാത്തിനായി തിളങ്ങിയില്ല. 43 പന്തുകൾ നേരിട്ട തെവാത്തിയ 68 റൺസെടുത്തു. നാലു സിക്സുകളും എട്ടു ഫോറുകളുമാണ് ധരംശാലയില്‍ തെവാത്തിയ ബൗണ്ടറി കടത്തിയത്. ടീം സ്കോർ 17ൽ നിൽക്കെയാണ് 14 റൺസടിച്ച സായ് സുദർശന്റെ ദൗർഭാഗ്യകരമായ പുറത്താകൽ. ജേക്കബ് ഡഫിയുടെ പന്ത് മികച്ച ടൈമിങ്ങിൽ കട്ട് ചെയ്ത് സായ് സുദർശൻ ബൗണ്ടറി ലൈനിലേക്കു ലക്ഷ്യമിട്ടതായിരുന്നു. എന്നാൽ സായിയുടെ കയ്യിൽനിന്ന് നിയന്ത്രണം നഷ്ടപ്പെട്ടുപോയ ബാറ്റ് പിച്ചിൽ വീണ് വിക്കറ്റില്‍ തട്ടുകയായിരുന്നു. ക്രീസ് വിട്ട് പുറത്തിറങ്ങിയ താരം, ‘ഹിറ്റ് വിക്കറ്റായതു’ മനസ്സിലാക്കിയതോടെ നിരാശയിൽ ഡഗ്ഔട്ടിലേക്കു മടങ്ങി. വലിയ സ്കോർ ചേസ് ചെയ്യുന്നതിനിടെ നിർണായക വിക്കറ്റ് വീണതിലെ നിരാശ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ മുഖത്തും പ്രകടമായിരുന്നു.


Source link

Back to top button