NEWS
മോദിയെയും നിർമലയെയും കണ്ട് സതീശൻ; കേരളത്തെ തുറമുഖ നഗരമാക്കും, എന്താണ് സതീശന്റെ സ്വപ്ന പദ്ധതി?

ന്യൂഡൽഹി ∙ പുതുകേരള സൃഷ്ടിക്കുള്ള സ്വപ്നപദ്ധതികൾക്കു പ്രത്യേക സഹായം വേണമെന്ന അഭ്യർഥനയോടെ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സാമ്പത്തികാരോഗ്യസ്ഥിതിയും മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. ചുമതലയേറ്റ ശേഷം പതിവുള്ള സൗഹൃദ കൂടിക്കാഴ്ചയായിരുന്നെങ്കിലും കേരളത്തിനു മുന്നിലെ വെല്ലുവിളികളും പരാമർശിച്ചു. വിശദമായ പദ്ധതി നിർദേശങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളിച്ചു വീണ്ടും കൂടിക്കാഴ്ച നടത്താൻ സതീശൻ അവസരം തേടുകയും ചെയ്തു.പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സേവാ തീർഥിലായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ച. പുതിയ ദൗത്യത്തിനു പിന്തുണയുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൃഷ്ണനാട്ടത്തിന്റെ ശിൽപം മോദിക്കു മുഖ്യമന്ത്രി സമ്മാനിച്ചു.തുറമുഖ നഗരമടക്കമുള്ള സ്വപ്നങ്ങൾ പങ്കുവച്ചു ന്യൂഡൽഹി ∙ കേരളത്തെ തുറമുഖ നഗരമാക്കുന്നതും വയോജനക്ഷേമത്തിനു പ്രത്യേക വകുപ്പും അടക്കം സ്വപ്നങ്ങളെക്കുറിച്ചുള്ള രേഖാചിത്രമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ കേന്ദ്ര സർക്കാരിനു മുന്നിൽവച്ചത്. എയിംസ് അടക്കം കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന മുൻഗണനാ പദ്ധതികൾക്കായുള്ള ശ്രമം തുടരുമ്പോൾത്തന്നെ, സ്വപ്നപദ്ധതികൾക്കുള്ള ചുവടുവയ്പിലേക്കും സതീശൻ കടന്നു. പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാനുള്ള സാമ്പത്തികസഹായത്തിനു പുറമേ സാങ്കേതിക–നയ പിന്തുണ കൂടി പ്രതീക്ഷിച്ചാണു സതീശൻ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്.
Source link


