SPORTS
ജയിപ്പിക്കാനായില്ല, ഒറ്റയ്ക്കുനിന്നു പൊരുതി, ഇതിഹാസ താരത്തിന്റെ റെക്കോർഡ് തകർത്തെറിഞ്ഞ് രാഹുൽ തെവാത്തിയ

ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒന്നാം പ്ലേ ഓഫിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിനു യോഗ്യത നേടിയിരിക്കുകയാണ്. ധരംശാലയിലെ റണ്ണൊഴുകുന്ന പിച്ചിൽ 92 റണ്സിന്റെ വമ്പൻ തോൽവിയാണു ഗുജറാത്ത് വഴങ്ങിയത്. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 162 റൺസിൽ പുറത്തായപ്പോൾ ബാറ്റിങ്ങിൽ തിളങ്ങിയത് മധ്യനിര താരം രാഹുൽ തെവാത്തിയ മാത്രമായിരുന്നു. 43 പന്തുകൾ നേരിട്ട തെവാത്തിയ 68 റൺസെടുത്തു. നാലു സിക്സുകളും എട്ടു ഫോറുകളുമാണ് ധരംശാലയിലെ തെവാത്തിയ ബൗണ്ടറി കടത്തിയത്. 88 റൺസെടുക്കുന്നതിനിടെ എട്ടു വിക്കറ്റ് നഷ്ടപ്പെട്ട ഗുജറാത്തിനെ തെവാത്തിയയുടെ ഒറ്റയാൾ പോരാട്ടം 150 കടത്തി. പക്ഷേ ഗുജറാത്തിനെ വിജയത്തിലെത്തിക്കാൻ തെവാത്തിയയ്ക്കും സാധിച്ചില്ല.തുടർച്ചയായ രണ്ടാം ഫൈനലിനാണു നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു ടിക്കറ്റെടുത്തത്. ഐപിഎലിൽ ഇത് 5–ാം തവണയാണ് ബെംഗളൂരു ഫൈനലിന് യോഗ്യത നേടുന്നത്. ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ അപരാജിത അർധ സെഞ്ചറി കരുത്തിൽ (33 പന്തിൽ 93*) 254 റൺസെന്ന കൂറ്റൻ ടോട്ടൽ നേടിയ ബെംഗളൂരു, 3 വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയുടെ ബോളിങ് മികവിൽ ഗുജറാത്തിനെ 162 റൺസിൽ ഒതുക്കി. തോറ്റെങ്കിലും 29ന് നടക്കുന്ന രണ്ടാം ക്വാളിഫയർ ജയിച്ചാൽ ഗുജറാത്തിന് ഫൈനലിൽ കടക്കാം. 255 റൺസ് എന്ന റൺമല കയറാൻ ഇറങ്ങിയ ഗുജറാത്തിന് ഡഫി എറിഞ്ഞ മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ ഹിറ്റ് വിക്കറ്റിന്റെ രൂപത്തിൽ ഓപ്പണർ സായ് സുദർശനെ (14) നഷ്ടമായി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (2) ഭുവനേശ്വർ കുമാർ പുറത്താക്കിയതോടെ ഗുജറാത്ത് കിതപ്പ് ആരംഭിച്ചു. 14–ാം ഓവറിൽ, തന്റെ വ്യക്തിഗത സ്കോർ 16 റൺസിലും 21 റൺസിലും നിൽക്കെ രണ്ട് തവണ ഗുജറാത്ത് ഫീൽഡർമാർ ക്യാച്ച് കൈവിട്ട് സഹായിച്ചത് പാട്ടിദാറിന്റെ ഇന്നിങ്സിൽ നിർണായകമായി. 15–ാം ഓവറിൽ രണ്ടും നോ ബോളും ഒരു വൈഡും അടക്കം 28 റൺസ് വിട്ടുനൽകിയ ഗുജറാത്ത് ബോളർ കുൽവന്ത് ഖജറോലിയയും ബെംഗളൂരുവിന്റെ റൺറേറ്റ് ഉയർത്തി. ഈ രണ്ട് ഓവറുകളുമാണ് മത്സരം ബെംഗളൂരുവിന് അനുകൂലമാക്കിയത്.
Source link


