NEWS
വീഴ്ചകൾ അലങ്കാരമാക്കി കേന്ദ്രം; വിദ്യാർഥികളുടെ കണ്ണീർ കാണാതെ എൻടിഎ

ന്യൂഡൽഹി ∙ കർണാടകയിലെ കലബുറഗി സ്വദേശിനി ഭാഗ്യശ്രീ, രാജസ്ഥാൻ സിക്കറിലെ ജുൻജുനു സ്വദേശി പ്രദീപ് മേഘ്വാൾ– നീറ്റ് യുജി ചോദ്യക്കടലാസ് ചോർച്ചയ്ക്കും പരീക്ഷ റദ്ദാക്കലിനും പിന്നാലെ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയ മിടുക്കരായ വിദ്യാർഥികളാണ് ഇവർ. മാനസിക സമ്മർദം താങ്ങാനാവാതെയാണ് ഇവർ ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പരീക്ഷ നടത്തിയ നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും (എൻടിഎ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും നേരെ ജനരോഷം ഉയരുന്നതിനു കാരണവും ഇതുതന്നെ. വീഴ്ചകളിൽ നിന്നു പാഠം പഠിച്ചില്ലെന്നു സുപ്രീംകോടതിയും വിമർശിക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും കഴിയില്ല.ചോദ്യക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന സിബിഐ സംഘം ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 3 പേർ ചോദ്യക്കടലാസ് തയാറാക്കാൻ എൻടിഎ ചുമതലപ്പെടുത്തിയ അധ്യാപകർ തന്നെയാണ് എന്നത് ഞെട്ടിപ്പിക്കുന്നു. പരീക്ഷാ നടത്തിപ്പ് എൻടിഎ ഏറ്റെടുത്ത ശേഷം ചോദ്യക്കടലാസ് ചോരുന്നത് ആദ്യമായല്ല. 2024ൽ ചോദ്യക്കടലാസ് ചോർന്നതായി കണ്ടെത്തിയിരുന്നെങ്കിലും പരിമിതമാണെന്നു വിലയിരുത്തി പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളി. ആയിരത്തിയഞ്ഞൂറിലേറെ വിദ്യാർഥികൾക്കു പുനഃപരീക്ഷ നടത്തുകയും ചെയ്തു. ഈ സംഭവത്തെ തുടർന്നാണ് മത്സര പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു നിർദേശങ്ങൾ സമർപ്പിക്കാൻ ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ, കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഒന്നിലേറെ ഘട്ടങ്ങളിലെ പരീക്ഷ എന്നിവ നടപ്പാക്കാൻ എൻടിഎയ്ക്കു സാധിച്ചില്ല. ഇക്കുറിയും പിഴവ് ആവർത്തിച്ചതോടെയാണ് അടുത്ത വർഷം മുതൽ കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ നടത്തുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്.എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ സുപ്രീംകോടതി ഇടപെട്ടതും വിദ്യാഭ്യാസ മന്ത്രാലയത്തിനു തിരിച്ചടിയായിരുന്നു. ജുഡീഷ്യറിയിലെ അഴിമതി സംബന്ധിച്ച് എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ വന്ന പരാമർശങ്ങളാണ് കോടതിയെ പ്രകോപിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഖേദം പ്രകടിപ്പിച്ചും പുസ്തകം പിൻവലിച്ചുമാണ് തടിയൂരിയത്.
Source link

