NEWS
‘ഇത് എന്റെ ട്രെയിനാണ്’; സീറ്റിനെച്ചൊല്ലി തർക്കം, അപായച്ചങ്ങല വലിച്ച് റെയിൽവേ ജീവനക്കാരൻ

മുംബൈ ∙ മുംബൈ-അമൃത്സർ റൂട്ടിലോടുന്ന ട്രെയിനിൽ റിസർവ് ചെയ്ത സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ റെയിൽവേ ജീവനക്കാരൻ അപായച്ചങ്ങല വലിച്ചതായി പരാതി. സീറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റെയിൽവേ ജീവനക്കാരൻ ട്രെയിൻ നിർത്തിച്ചതെന്ന് സഹയാത്രികൻ ആരോപിച്ചു. സാഗർ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും അധികാര ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. മറ്റൊരു യാത്രക്കാരനായി മാറ്റിവച്ച സീറ്റിൽ റെയിൽവേ ജീവനക്കാരൻ ഇരിക്കാൻ ശ്രമിച്ചതോടെയാണ് തർക്കം തുടങ്ങിയതെന്ന് പോസ്റ്റിൽ പറയുന്നു. സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിച്ചപ്പോൾ, താൻ റെയിൽവേ ജീവനക്കാരനാണെന്നും അവിടെ ഇരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ഇയാൾ വാശിപിടിച്ചു. തർക്കം മുറുകിയതോടെ ഇയാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. അതേസമയം, പിഎൻആർ നമ്പർ, യാത്രാ തീയതി, ഫോൺ നമ്പർ എന്നിവയടക്കമുള്ള വിവരങ്ങൾ പങ്കുവയ്ക്കാനും ‘റെയിൽ മദദ്’ പോർട്ടൽ വഴി ഔദ്യോഗികമായി പരാതി നൽകാനും റെയിൽവേയുടെ ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവ എക്സിലൂടെ അറിയിച്ചു. ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 141 അനുസരിച്ച്, കൃത്യമായ വൈദ്യസഹായമോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാതെ അനാവശ്യമായി അപായച്ചങ്ങല വലിക്കുന്നത് ഒരു വർഷം വരെ തടവോ, 1000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റമാണ്. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Sagarൽ നിന്ന് എടുത്തതാണ്.
Source link


