test del 5 copy of del 3
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കണം: നിര്‍ദേശവുമായി കോടതി

കൊച്ചി∙ കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടി ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന കർശന നിര്‍ദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ഒഴിപ്പിക്കൽ പൂർത്തിയാക്കി 26നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഒഴിപ്പിക്കലിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ആലുവ റൂറൽ എസ്പിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ബുധനാഴ്ച നടന്ന ശ്രമം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഒടുവിൽ സർക്കാർ ഇടപെട്ടാണ് പൊലീസ് നടപടി നിർത്തിവയ്പിച്ചത്. മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഎമ്മും സിപിഐയും രംഗത്തെത്തിയതോടെ സർക്കാർ ഇനി എന്തു നടപടിയായിരിക്കും സ്വീകരിക്കുക എന്നതാണ് പ്രധാനം.നൂറിലേറെ വർഷങ്ങളായി തങ്ങൾ ജീവിക്കുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകാൻ സാധിക്കില്ലെന്നും തങ്ങൾ എവിടേക്ക് പോകുമെന്നുമാണ് ഇവിടെയുള്ള ദളിത് കുടുംബങ്ങൾ ചോദിക്കുന്നത്. മാത്രമല്ല, അന്യായമായ രീതിയിലാണ് കേസ് നടത്തിപ്പ് ഉണ്ടായതെന്നും ഭൂമി അളന്നു തിരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടില്ലെന്നും ഇവർ വാദിക്കുന്നു. എന്നാൽ സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാനാവില്ല എന്നാണ് അഡ്വക്കേറ്റ് കമ്മീഷന്റെ നിലപാട്. ഇന്നലെയുണ്ടായ ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ ഇന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിയെ അറിയിച്ചു. തുടർന്നാണ് 23നകം ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്.
Source link


