test del 3

‘ഗവർണറുടെ ഉത്തരവിനെ സിൻഡിക്കറ്റിന് വെല്ലുവിളിക്കാനാകില്ല’; നിർണായക ഉത്തരവുമായി ഹൈക്കോടതി


കൊച്ചി ∙ സർവകലാശാലകളിലെ ചാൻസലർ – സിൻഡിക്കറ്റ് അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറായ ഗവർണറുടെ ഉത്തരവിനെ സിൻഡിക്കറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. സിൻഡിക്കറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിക്കും അച്ചടക്കത്തിനും എതിരാണെന്നും കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വ്യക്‌തമാക്കി. അതേസമയം, ക്രമക്കേട് നടന്നെന്ന് ബോധ്യപ്പെട്ടാൽ സർക്കാരും സർവകലാശാലയും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും സർവകലാശാലയ്ക്ക് നഷ്ടമായ തുക തിരിച്ചു പിടിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.ചാൻസലറുടെ അധികാരം സംബന്ധിച്ച് ഓർമിപ്പിച്ച കോടതി, ഹർജികൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ നിയമവ്യവസ്ഥയ്ക്ക് എതിരും പക്ഷപാതപരവും അനധികൃതവുമാണ് ചാൻസലറുടെ തീരുമാനമെങ്കിൽ സിൻഡിക്കറ്റിന് ഉചിതമായ ഫോറത്തിൽ അക്കാര്യം പരാതിപ്പെടാമെന്നും കോടതി വ്യക്തമാക്കി. നിലവിലുള്ള കേസിൽ അധികാരദുർവിനിയോഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതുമൂലം സർവകലാശാലയ്ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ കുറ്റക്കാരെ ശിക്ഷിക്കാനും നഷ്ടമായ തുക വീണ്ടെടുക്കാനുമുള്ള വിജിലൻസ് അന്വേഷണം ഉറപ്പാക്കാനും കോടതി നിർദേശിച്ചു.


Source link

Back to top button