മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്; പട്ടിക ഇന്ന് ഉച്ചയ്ക്ക് ഗവർണർക്ക് കൈമാറും

നേരത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറാകുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന സൂചനകൾ. വനിതാ പ്രതിനിധിയായി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് കരുതിയിരുന്ന ഷാനിമോൾ ഉസ്മാനെ നിലവിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ് പരിഗണിക്കുന്നത്. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകുമെന്ന കാര്യത്തിൽ ഇന്നലെത്തന്നെ ധാരണയായിരുന്നു. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ നിലവിൽ പാലക്കാട് നന്ദാവനം ഹാളിലുണ്ട്. ഇവർ പ്രഖ്യാപന സമയത്ത് കെ.പി.സി.സി ഓഫീസിൽ എത്തിയേക്കും.
ഇത്തവണ മികച്ച വിജയം നേടിയ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി ശക്തമായി വാദിച്ചിരുന്നു. എന്നാൽ ജില്ലാ സാമുദായിക പരിഗണനകളും കോൺഗ്രസിന്റെ സ്വന്തം സീറ്റ് നിലയും (63 അംഗങ്ങൾ) ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം ഇവരെ അനുനയിപ്പിച്ചു. പുതിയ ധാരണപ്രകാരം കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയും ലഭിക്കും. മോൻ ജോസഫ് ആയിരിക്കും മന്ത്രി. അദ്ദേഹം നേരത്തെ കൈകാര്യം ചെയ്ത ജലവിഭവ വകുപ്പിനൊപ്പം കൃഷി വകുപ്പുകൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, രണ്ട് പ്രധാന വകുപ്പുകൾ ഒരുമിച്ച് നൽകാൻ സാധ്യത കുറവാണ്. ചീഫ് വിപ്പ് പദവിയിലേക്ക് തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ഉണ്ണിയാടനെ അനുകൂലിച്ച് എം.എൽ.എ ഹോസ്റ്റലിന് മുന്നിൽ ചെറിയ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.
Source link
NEWS


