test del 3
സതീശൻ വരുമ്പോൾ വഴിമാറും ‘ശീലങ്ങൾ’; എംഎൽഎമാർക്കൊപ്പം നേതാക്കൾക്കും ശബ്ദം

തിരുവനന്തപുരം ∙ എംഎൽഎമാരുടെ പിന്തുണ മാത്രം നോക്കുകയെന്ന കീഴ്വഴക്കം മാറ്റിവച്ച് എല്ലാ നേതാക്കളെയും ക്ഷമയോടെ കേൾക്കാൻ രാഹുൽ ഗാന്ധി തയാറായതാണ് വി.ഡി.സതീശന്റെ വഴിതെളിച്ചത്. എ.കെ.ആന്റണിയുടെ നിലപാട് രാഹുൽ ശ്രദ്ധയോടെ കേട്ടു. 5 വർഷത്തിനു ശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രനോട് രാഹുൽ ഫോണിലാണെങ്കിലും സംസാരിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ അവകാശപ്പെട്ട് കെ.സി.വേണുഗോപാൽ പക്ഷം കരുക്കൾ നീക്കിയപ്പോൾ ഒരുകാലത്ത് ആ ഗ്രൂപ്പുകളുടെ തന്നെ നേതൃനിരയിലുണ്ടായിരുന്ന വി.എം.സുധീരനും കെ.മുരളീധരനും സതീശന്റെ ജനപിന്തുണയിൽ വിശ്വാസമർപ്പിച്ചത് കളംമാറ്റുന്നതിനു വഴിയൊരുക്കി. ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിൽ സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഇക്കാലമത്രയും കണ്ടുശീലിച്ച 2 കാര്യങ്ങളാണു വഴിമാറിയത്: 1. എംഎൽഎമാരുടെ പിന്തുണയിൽ മുന്നിലെത്തുന്നയാളെ മുഖ്യമന്ത്രിയാക്കുകയെന്ന കീഴ്വഴക്കം. 2. ഗ്രൂപ്പിന്റെ ബലത്തിൽ പാർട്ടിയിൽ കരുത്താർജിക്കുന്നയാൾ മുഖ്യമന്ത്രിയാവുകയെന്ന രീതി. ‘ഗ്രൂപ്പില്ലാ സതീശൻ’ മുഖ്യമന്ത്രിയാവുമ്പോൾ പാർട്ടിക്കുള്ളിലെ അധികാര സമവാക്യം അദ്ദേഹത്തിലേക്കു ചായുമെന്നും അതൊരു ഗ്രൂപ്പായി മാറുമെന്നും കരുതുന്നവരുണ്ട്. എഐസിസിയുടെ ഹിതപരിശോധനയിൽ മറുപക്ഷത്തുനിന്ന പലരും വരുംനാളുകളിൽ സതീശനിലേക്ക് അടുക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് കെ.സി ക്യാംപും നിതാന്ത ജാഗ്രത പുലർത്തും. മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരിൽ വേണുഗോപാലിനെ അന്യായമായി വേട്ടയാടിയെന്നു ചൂണ്ടിക്കാട്ടുന്ന ഇവർ, അദ്ദേഹത്തിനെതിരായ ജനരോഷം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്നും ആരോപിക്കുന്നു. രാഷ്ട്രീയജീവിതത്തിന്റെ 50–ാം വർഷത്തിൽ ഈ വിധമുള്ള തഴയൽ അദ്ദേഹം അർഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർക്കുന്നു.
Source link


