test del 3

ഫ്ലാറ്റ് നിർമാണം: സമീപത്തെ വീടുകൾക്കു വിള്ളൽ; മണ്ണും പൊടിയും ശ്വസിച്ച് കുട്ടികൾ അടക്കമുള്ളവർക്ക് അസുഖമൊഴിഞ്ഞ നേരമില്ല


തൃശൂർ ∙ പുതിയ കെട്ടിടനിർമാണം മൂലം കിടപ്പാടത്തിനു കേടുപാടുണ്ടായെന്ന് ആരോപിച്ച് സ്വകാര്യ അപ്പാർട്മെന്റ് സമുച്ചയത്തിന്റെ കവാടം പൂട്ടിയിട്ട് പ്രദേശവാസികളുടെ സമരം. വളർക്കാവ് ഡിവിഷനിൽ കുരിയച്ചിറ സെന്റ് തോമസ് സ്ട്രീറ്റിൽ ജലസേചന വകുപ്പിന്റെ കനാലിനോട് ചേർന്ന സ്ഥലത്ത് താമസിക്കുന്ന സ്ത്രീകളാണ് അപ്പാർട്മെന്റിന്റെ കവാടം രണ്ടര മണിക്കൂറോളം പുറത്തുനിന്ന് പൂട്ടിയിട്ടത്. മണ്ണെണ്ണ ദേഹത്തൊഴിക്കാൻ ഒരു വീട്ടമ്മ നടത്തിയ ശ്രമം ഒല്ലൂർ പൊലീസ് ഇടപെട്ടു തടഞ്ഞു.18 കുടുംബങ്ങളാണ് കനാൽ റോഡിൽ താമസിക്കുന്നത്. ഒരു മതിലിനപ്പുറമാണ് നിർമാണം. കഴിഞ്ഞ ശനിയാഴ്ച മഴയത്ത് പുലർച്ചെ ഒരു വീടിന്റെ മതിൽഭാഗം നിർമാണം നടക്കുന്ന താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. പ്രശ്നം ആരംഭിച്ചതോടെ പ്രദേശവാസികൾ മേയർ നിജി ജസ്റ്റിനും ഡിവിഷൻ കൗൺസിലർ മേഴ്സി അജി, കൗൺസിലർ ഷോമി ഫ്രാൻസിസ് എന്നിവരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ സ്ഥലത്തെത്തി സമവായ ചർച്ചകൾ നടത്തി.വാഗ്ദാനം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ രാവിലെ ഒല്ലൂർ സ്റ്റേഷനിലേക്കും പിന്നീടു കലക്ടറേറ്റിലേക്കും കോർപറേഷനിലേക്കും പ്രദേശവാസികൾ എത്തിയിരുന്നു. തുടർന്ന് ആരും തങ്ങളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഉച്ചയ്ക്കു രണ്ടോടെ അപ്പാർട്മെന്റ് കവാടം പൂട്ടി സമരം ആരംഭിക്കുകയായിരുന്നു. ബിജെപി എറണാകുളം മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാരിയർ, ജനറൽ സെക്രട്ടറി ഇ.എസ്.ബിനോയ് എന്നിവർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. ഇന്നു രാവിലെ 10.30നു ഓഫിസ് പ്രതിനിധികൾ സ്ഥലം സന്ദർശിക്കുമെന്ന് അവർ ഉറപ്പു നൽകി.


Source link

Back to top button