test del 5 copy of del 3

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങിന്റെ സമയം കൂടും


തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങും നാളെ മുതല്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 26 മുതല്‍ 200 മെഗാവാട്ടിന്റെ കുറവു കൂടി വരുന്ന സാഹചര്യത്തിലാണ് കൊടുംചൂടില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങിന്റെ ദൈര്‍ഘ്യം കൂടുന്ന സാഹചര്യമുണ്ടാകുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു പവര്‍ ബാങ്കിങ് വഴി വാങ്ങിയിരുന്ന വൈദ്യുതിയില്‍ ഈ മാസം 16 മുതല്‍ തന്നെ 200 മെഗാവാട്ടിന്റെ കുറവു വന്നിരുന്നു. 20 മുതല്‍ വീണ്ടും 200 മെഗാവാട്ടിന്റെ കുറവു വരികയും 26 മുതല്‍ സമാനസാഹചര്യം കൂടി വരികയും ചെയ്യുന്നതോടെ ആകെ 600 മൊഗാവാട്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. വൈദ്യുതി ഉൽപാദനവും ഉപയോഗവും തമ്മില്‍ വലിയ അന്തരമാണ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 24ലെ കണക്കനുസരിച്ച് 116.48 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. അതില്‍ 29.03 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇവിടെ ഉൽപാദിപ്പിച്ചത്. ബാക്കി 87.45 ദശലക്ഷം യൂണിറ്റും പുറത്തുനിന്നു വാങ്ങുകയായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5654 മെഗാവാട്ടായിരുന്നു. ഇതില്‍ കേരളത്തില്‍നിന്നു ലഭ്യമായത് വെറും 1752 മെഗാവാട്ട് മാത്രമായിരുന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18ന് സര്‍വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടിയിരുന്നു. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദത്തിലാണ്. ഇക്കാരണത്താല്‍ പലയിടങ്ങളിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്.പ്രതിസന്ധി തരണം ചെയ്യാന്‍ വൈകുന്നേരം 6നും രാത്രി 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍, എ.സി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാര്‍ജിങ്ങും വൈകുന്നേരം 6 മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളില്‍ ക്രമീകരിക്കണം. എ.സിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യുന്നതും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനും ഉയര്‍ന്ന വൈദ്യുതി ബില്‍ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.


Source link

Back to top button