NATIIONAL

എന്തൊരു കഷ്ടമാണ്! ചെന്നൈയ്ക്കു വീണ്ടും തിരിച്ചടി, ഫോമിലുള്ള യുവതാരം മൂന്നാഴ്ച പുറത്തേരിക്കേണ്ടി വരും; തിങ്കളാഴ്ചത്തെ സ്കാനിങ് നിർണായകം


ചെന്നൈ ∙ വിജയവഴിയിൽനിന്നു വീണ്ടും തോൽവിയിലേക്ക് തെന്നിമാറിയ ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത തിരിച്ചടി. ഐപിഎൽ സീസണിൽ ചെന്നൈയുടെ മുൻനിര ബാറ്ററായ ആയുഷ് മാത്രേയ്ക്കു മൂന്നു ആഴ്ചത്തേയ്ക്കു കളിക്കാൻ സാധിക്കില്ലെന്നാണ് വിവരം. ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പതിനെട്ടുകാരനായ ആയുഷ് മാത്രേയ്ക്കു ഇടത് പിൻതുടയിൽ പേശിവലിവ് അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച മുംബൈയിലെത്തുന്ന താരം സ്കാനിങ്ങിനു വിധേയനാകും. ഇതിനു ശേഷമാകും അന്തിമതീരുമാനം. വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.മാത്രെയുടെ അഭാവം സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാകും. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന താരം ടീമിന് മികച്ച തുടക്കം നൽകുന്നുണ്ട്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാൽ, സഞ്ജു സാംസണിനൊപ്പം മാത്രെയെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റായ ഈ മുംബൈ താരം, കഴിഞ്ഞ സീസണിൽ ഗെയ്‍ക്ഡവാദിനു പരുക്കേറ്റപ്പോൾ പകരക്കാരനായാണ് സിഎസ്‌കെയിലെത്തിയത്. ചെന്നൈയ്ക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം താരത്തിന്റ പേരാണ്. ആയുഷ് മാത്രേ കളിച്ചില്ലെങ്കിൽ കാർത്തിക് ശർമ, ഉർവിൽ പട്ടേൽ എന്നിവരിലൊരാൾക്കാകും നറുക്കുവീഴുക. ഹൈദരാബാദിനെതിരായ മത്സരത്തിൽ വേദന അനുഭവപ്പെട്ടിട്ടും ആയുഷ് മാത്രേ ബാറ്റിങ് തുടർന്നത് വിമർശനങ്ങൾക്ക് ഇടയാക്കി. ആർ.അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ഇതിനെ ചോദ്യം ചെയ്തു. “അവൻ തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ കണ്ടിട്ട് കുറച്ചുനാൾ പുറത്തിരിക്കേണ്ടി വരുമെന്ന് ഞാൻ ആശങ്കപ്പെടുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ തന്നെ കാൽമുട്ടിൽ കെട്ടുമായിട്ടാണ് അവൻ വന്നത്. രണ്ടു മൂന്നു മത്സരങ്ങളായി അദ്ദേഹം ഇംപാക്ട് സബ്ബായാണ് കളിക്കുന്നത്. അവന്റെ പരുക്ക് ഒരു ആശങ്കയായിരുന്നു.


Source link

Back to top button