CINEMA
‘ആ സ്വരം കേട്ടാണ് ഞാൻ വളർന്നത്, ഏത് വികാരത്തെയും നമുക്കെല്ലാം പ്രിയപ്പെട്ടതാക്കി മാറ്റും’, ശ്രേയാ ഘോഷാൽ

ഏഴ് പതിറ്റാണ്ടിലേറെ ബോളിവുഡിന്റെ ഈണങ്ങൾക്ക് ശബ്ദമേകിയ ആദ്യകാല ഗായികമാരിൽ അവസാനത്തെയാളും വിടവാങ്ങിയിരിക്കുന്നു. ഇന്ത്യൻ സംഗീതത്തിലെ യുഗാന്ത്യമാണ് ആശാഭോസ്ലെയുടെ വിയോഗത്തോടെ സംഭവിച്ചത്. നിരവധി പ്രമുഖർ ഗായികയ്ക്ക് അനുശോചനം രേഖപ്പെടുത്തി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഗായിക ശ്രേയാ ഘോഷാൽ ആശയെ അനുസ്മരിച്ച് കുറിച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ആശാ ഭോസ്ലെയുടെ പാട്ടുകൾ കേട്ടും അവരിൽ നിന്ന് പാഠങ്ങൾ പഠിച്ചുമാണ് താൻ വളർന്നതെന്ന് ശ്രേയാ ഘോഷാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘തലമുറകളെ സ്വാധീനിച്ച സ്വരമാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സംഗീതത്തെ പുതു ശൈലിയിൽ നിർവചിച്ച പ്രതിഭയായിരുന്നു അവർ. ആശാ ഭോസ്ലെ ജി അതിരുകളില്ലാത്ത അത്ഭുതമായിരുന്നു. അവരുടെ പാട്ടുകൾ കേട്ടും അവരിൽ നിന്നും പാഠങ്ങൾ പഠിച്ചുമാണ് ഞാൻ വളർന്നത്. എന്തിനേറെ പറയുന്നു, ഓരോ പാട്ടിലും അവർ കൊണ്ടുവരുന്ന വൈവിദ്ധ്യം കണ്ട് ഞാൻ അമ്പരന്നിട്ടുണ്ട്. ഓരോ സ്വരത്തിനും ജീവൻ നൽകാനും, ഏത് വികാരത്തെയും നമുക്കൊക്കെ പ്രിയപ്പെട്ടതാക്കി മാറ്റാനും അവർക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വികൃതി നിറഞ്ഞ പാട്ടുകൾ മുതൽ ആഴമുള്ള ഗസലുകൾ വരെ, മറാത്തിയും ബംഗാളിയും അടക്കമുള്ള ഭാഷകളിലെ അവരുടെ പാട്ടുകളും ആശാജിക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു.
Source link


