നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഇനി സിയറിലൂടെ തിരികെയെത്തും; വേറെയാരെങ്കിലും സിം ഇട്ടാൽ ഉടമയ്ക്ക് മെസേജ് എത്തും

കൊച്ചി: ”എന്നന്നേയ്ക്കുമായി നഷ്ടമായെന്നാണ് കരുതിയത്. തിരികെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.”” ഒരുവർഷം മുമ്പ് വർക്കല റെയിൽവേ സ്റ്റേഷനിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ റെയിൽവേ പൊലീസ് കണ്ടെത്തി തിരികെ നൽകിയപ്പോൾ പരവൂർ സ്വദേശി പ്രവീണിന്റെ വാക്കുകൾ ഇടറി. ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾക്ക് ഇരുകൈകളും ചേർത്തുപിടിച്ച്, ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി റെയിൽവേ എസ്.പി മുഹമ്മദ് നദിമുദ്ദീൻ.സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകുന്ന ചടങ്ങ് വികാരനിർഭരമായി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ 40 പേർ ഫോണുകൾ ഏറ്റുവാങ്ങി. ബംഗളൂരുവിൽ നിന്നടക്കം ഉടമകളെത്തി. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) മുഖേന 66 ഫോണുകളാണ് കണ്ടെത്തിയത്.കൊല്ലത്തെ ഐ.സി.ഐ.സി.ഐ ബാങ്കിലെ സെക്യൂരിറ്റിയാണ് പ്രവീൺ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഫോൺ കളഞ്ഞുപോയത്. ഒരുമാസം മുമ്പ് മെസേജ് വന്നപ്പോഴാണ് പരാതിയെക്കുറിച്ച് ഓർക്കുന്നത്. പിന്നാലെ ഫോൺ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
Source link



