പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച; കണ്ണൂരില്‍ സിപിഎമ്മിന് കിട്ടിയത് കനത്ത പ്രഹരം

കണ്ണൂര്‍: അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന പാര്‍ട്ടി ചിഹ്നവും ചുവന്ന കൊടിയും കണ്ടാല്‍ സ്ഥാനാര്‍ത്ഥിയാരെന്ന് പോലും പ്രസക്തമല്ല. പാര്‍ട്ടി കോട്ടയായ കണ്ണൂരിലെ തിരഞ്ഞെടുപ്പുകളുടെ ചിത്രമായിരുന്നു ഇത്. എന്നാല്‍ യുഡിഎഫ് സുനാമിയില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ലോകം തലകീഴായി മറിഞ്ഞാലും തോല്‍ക്കില്ലെന്ന് സിപിഎം കരുതിയിരുന്ന പാര്‍ട്ടി കോട്ടകളില്‍ വലിയ തോല്‍വിയാണ് സംഭവിച്ചിരിക്കുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം തോല്‍വി വഴങ്ങുമെന്ന് പറഞ്ഞാല്‍ ഇന്ന് ഫലം വരുന്നത് വരെ ആരും വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ അസംഭവ്യം എന്ന് തോന്നിച്ചത് സംഭവിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ പൊന്നാപുരം കോട്ടയിലെ തോല്‍വികള്‍ക്ക് പുറമേ ജില്ലയിലെ മറ്റ് ശക്തികേന്ദ്രങ്ങളില്‍ ഭൂരിപക്ഷം പകുതിയായും നാലിലൊന്നായും കുറഞ്ഞതും സിപിഎം കേന്ദ്രങ്ങളെ ഞെട്ടിക്കുകയാണ്. ജില്ലയിലെ സിപിഎം നേരിടുന്ന വിഭാഗീയതയും രക്തസാക്ഷി ഫണ്ട് തട്ടിപ്പും ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള സ്വജനപക്ഷപാതവുമെല്ലാം സിപിഎമ്മിന്റെ അടിവേരിളക്കിയിട്ടുണ്ട്. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ജില്ലയില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.
Source link


