ഇറാന്റെ മിസൈൽക്കോട്ട തകർത്ത് യു.എസിന്റെ ഭീമൻപക്ഷി

ടെഹ്റാൻ: ഇറാനെതിരെ യു.എസും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ ശ്രദ്ധാകേന്ദ്രമായി യു.എസിന്റെ ‘ബി 2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ’ വിമാനങ്ങൾ. ഇറാന്റെ ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ തകർക്കാനാണ് ബി 2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ഇറാനെതിരെ നടത്തിയ ആക്രമണത്തിലും യു.എസ് കരുത്തുറ്റ ഈ ബോംബറുകളെ ഉപയോഗിച്ചിരുന്നു. പറക്കുമ്പോൾ ഭീമൻ പക്ഷിയെപോലെ തോന്നിക്കുന്ന ബി 2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾക്കാണ് യു.എസിന്റെ കരുത്തുറ്റ ബങ്കർ ബസ്റ്റർ ബോംബുകളെ വഹിക്കാനാവുക. ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താൻ യു.എസിന്റെ മാത്രം പക്കലുള്ള അതിശക്ത സ്ട്രാറ്റജിക് ബോംബർ വിമാനമാണിത്. റഡാർ ക്രോസ് സെക്ഷനിൽ ഇവയെ ചെറിയ പക്ഷി പോലെയേ തോന്നിക്കൂ. അതിനാൽ ഇവ വരുന്നതും പോകുന്നതും തിരിച്ചറിയാനാകില്ല. കണ്ടെത്തണമെങ്കിൽ അതിശക്തമായ റഡാർ സംവിധാനങ്ങൾ വേണം. നിലവിൽ ഭൂരിഭാഗം രാജ്യങ്ങൾക്കും ബി 2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല.
# കരുത്തിന്റെ പ്രതീകം
നിർമ്മാതാക്കൾ – നോർത്രോപ് ഗ്രുമൻ
15 ടൺ ഭാരമുള്ള രണ്ട് ബങ്കർബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയും
ഒറ്റപ്പറക്കലിൽ 11,500 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും
നാല് എൻജിനുകളിൽ പ്രവർത്തനം
നീളം 21 മീറ്റർ
ഭാരം 72 ടൺ
ഉയരം 5.1 മീറ്റർ
റഡാറുകളെ വെട്ടിക്കും
ഒറ്റ ദൗത്യത്തിൽ 44 മണിക്കൂർ വരെ വായുവിൽ തങ്ങാനാകും
പരമ്പരാഗത, ആണവായുധങ്ങൾ വഹിക്കാൻ കഴിവ്
——————————————–
നതാൻസിൽ ആക്രമണം
ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ യു.എസ്- ഇസ്രയേൽ ആക്രമണം. അതേ സമയം, മേഖലയിൽ അപകട സാഹചര്യമില്ലെന്നും ആണവ ചോർച്ച സംബന്ധിച്ച സൂചനകളില്ലെന്നും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു.
ഖത്തറിൽ എൽ.എൻ.ജി ഉത്പാദനം നിറുത്തി
എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ഉത്പാദനം ഖത്തർ എനർജി കമ്പനി നിറുത്തിവച്ചു. റാസ് ലഫാൻ, മെസൈദ് വ്യാവസായിക മേഖലകളിലെ എൽ.എൻ.ജി കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
ഗൾഫിനെ സഹായിക്കാൻ തയ്യാർ: ഫ്രാൻസ്
ആവശ്യമെങ്കിൽ, ഇറാൻ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഗൾഫ് രാജ്യങ്ങളെയും ജോർദ്ദാനെയും സഹായിക്കാൻ സജ്ജമാണെന്ന് ഫ്രാൻസ്. ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ സഹായത്തിന് തയ്യാറാണെന്ന് ബ്രിട്ടനും ജർമ്മനിയും അറിയിച്ചു.
Source link



