LATEST

ഫോർട്ട് സ്റ്റേഷനിൽ മൂന്നാംമുറ : നാലു പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മൂന്നാം മുറ പ്രയോഗിച്ച നാലു പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി ജിനുവിനെ ക്രൂരമായി മർദിച്ചതിനാണ് നടപടി.

ഈ മാസം 11 ന് തലസ്ഥാനത്തെ ഒരു ബാറിന് മുന്നിൽ നിന്നു ബാർ ജീവനക്കാരന്റെ ബൈക്ക് മോഷണം പോയ കേസിലാണ് കോട്ടയം സ്വദേശിയായ ജിനു, ഉണ്ണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്നു രണ്ടു ദിവസം മുൻപ് ഡാൻസഫ് സംഘം പിടികൂടിയ ജിനുവിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലുള്ള മൂന്ന് പൊലീസുകാർ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടയിൽ വാഹനത്തിൽ വച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ജിനു നൽകിയ മൊഴി. ഫോർട്ട് സ്റ്റേഷനിലെ സെല്ലിൽ വച്ച് ജിനുവിനെ ഗ്രേഡ് എസ്.ഐ മുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിക്കുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. കൊച്ചിയിൽ നിന്നു പ്രതിയെ പിടികൂടിയതായി അറസ്റ്റ് രേഖയുള്ളപ്പോൾത്തന്നെ ഇയാളെ മണക്കാട് നിന്നു പിടികൂടിയതായി വ്യാജ രേഖയും പൊലീസുകാർ തയ്യാറാക്കിയിരുന്നു.
പ്രതി ജിനുവിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന വൈദ്യപരിശോധ റിപ്പോർട്ട് സംഘടിപ്പിച്ചാണ് ജയിലിൽ എത്തിച്ചത്. അവിടെവച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ജിനുവിനെയും ഉണ്ണിയേയും മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചത്.

പൊലീസിന്റെ മർദനത്തിൽ പരിക്കേറ്റ ജിനുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലായി. കഴിഞ്ഞ ദിവസം കൈക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്ത ഇയാൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. കൂട്ടുപ്രതിയായ ഉണ്ണിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിനു പുറമെ പ്ര‍ായപൂർത്തിയാകാത്ത ഒരാളെയും, മോഷ്ടിച്ച ബൈക്ക് പൊളിച്ച് വിറ്റു എന്ന് പറയുന്ന വർക്ക് ഷോപ്പുകാരനെയും തെളിവെടുപ്പിനെന്നുപറഞ്ഞ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. സംഭവം വിവാദമായതോടെയാണ് സിറ്റിപൊലീസ് കമ്മീഷണർ കാർത്തിക് അന്വേഷണത്തിന് ഉത്തരവിട്ടത്.


Source link

Related Articles

Back to top button