അർദ്ധസെഞ്ച്വറിയെക്കാൾ മൂല്യമുള്ള ഇന്നിംഗ്‌സ്; സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ വാനോളം പുകഴ്ത്തി ഗാവസ്കർ

ചെന്നൈ: ആരാധകർ ഒന്നടങ്കം കാത്തിരുന്നതായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ തിളങ്ങാൻ കഴിയാതിരുന്നതിനാൽ സഞ്ജുവിന് നേരെ സമ്മർദ്ദങ്ങൾ ഉയർന്നു. ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ലോകകപ്പിലെ നിർണയക മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുന്നത്. ലോകകപ്പിൽ കിട്ടിയ അവസരങ്ങളിൽ ഭേദപ്പെട്ട സ്‌കോർ കണ്ടെത്താനും ടീമിന് തകർപ്പൻ തുടക്കം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞത് വലിയ ആശ്വാസമായി.
സൂപ്പർ8-ൽ സിംബാബ്‌വെയ്‌ക്കെതിരെ വെറും 15 പന്തുകളിൽ നിന്ന് 24 റൺസ് നേടിയ സഞ്ജുവിന്റെ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ (256) കൂറ്റൻ സ്‌കോറിന് അടിത്തറ പാകിയത്. ഇപ്പോഴിതാ സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ പുകഴ്ത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്‌കർ.
‘ബാക്ക് ഫുട്ടിൽ നിന്ന് ലോംഗ് ഓഫിന് മുകളിലൂടെ സഞ്ജു അടിച്ച ആ സിക്സർ അമ്പരപ്പിക്കുന്നതായിരുന്നു. അത് കളിക്കാൻ ഒട്ടും എളുപ്പമുള്ള ഷോട്ടല്ല. ടീമിന് വേണ്ടി വലിയ ഷോട്ടിന് ശ്രമിച്ചാണ് അദ്ദേഹം പുറത്തായത്, പക്ഷെ അത് സാരമില്ല. ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ അദ്ദേഹത്തിന് സാധിച്ചു.’ ഗവാസ്‌കർ പറഞ്ഞു.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓപ്പണറായാണ് സഞ്ജു കളത്തിലിറങ്ങിയത്. റിങ്കു സിംഗിന് പകരക്കാരനായി ടീമിലെത്തിയ സഞ്ജു, ആദ്യ പന്തിൽ റണ്ണെടുത്തില്ലെങ്കിലും രണ്ടാം പന്തിൽ സിക്സർ പറത്തി വരവറിയിച്ചു. തൊട്ടടുത്ത പന്തിൽ ഫോറും നേടി. റിച്ചാർഡ് നഗാരവ എറിഞ്ഞ ആദ്യ ഓവറിൽ നിന്ന് 13 റൺസാണ് സഞ്ജു അടിച്ചെടുത്തത്. തുടർന്ന് ബ്ലെസിംഗ് മുസറബനിയുടെ ഓവറിലും സഞ്ജു മറ്റൊരു സിക്സർ കൂടി പറത്തി.
സഞ്ജു നൽകിയ ആത്മവിശ്വാസത്തിൽ ഒപ്പമുണ്ടായിരുന്ന അഭിഷേക് ശർമ്മയും (30 പന്തിൽ 55) തകർത്തടിച്ചു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു ഇത്. ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എന്ന പടുകൂറ്റൻ സ്‌കോറാണ് ബ്ലെസിംഗ് മുസരബാനി പടുത്തുയർത്തി. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്‌കോറാണിത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഈ മത്സരത്തിൽ വിജയിക്കുന്നവർ സെമി ഫൈനലിൽ പ്രവേശിക്കും. ദക്ഷിണാഫ്രിക്കയോട് തോറ്റ ഇരു ടീമുകൾക്കും ഇത് ജീവൻമരണ പോരാട്ടമാണ്.
ട്വന്റി-20 ക്രിക്കറ്റിലെ നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യയ്ക്കാണ് മേധാവിത്വം. ഇതുവരെ ഏറ്റുമുട്ടിയപ്പോൾ 19 തവണ ഇന്ത്യ ജയിച്ചപ്പോൾ വിൻഡീസിന് 10 വിജയങ്ങൾ മാത്രമാണുള്ളത്. എന്നാൽ ലോകകപ്പിന്റെ ചരിത്രമെടുത്താൽ വിൻഡീസിനാണ് മുൻതൂക്കം. ലോകകപ്പ് വേദികളിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ മൂന്ന് തവണ വെസ്റ്റ് ഇൻഡീസ് ജയിച്ചപ്പോൾ ഇന്ത്യക്ക് ഒരു തവണ മാത്രമേ വിജയിക്കാനായുള്ളൂ. 2016ൽ മുംബയിൽ നടന്ന സെമിഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച ചരിത്രവും വിൻഡീസിന് കരുത്തേകുന്നു. അടുത്ത മത്സരത്തിലും സഞ്ജു ഓപ്പണറായി തുടരാനാണ് സാധ്യത. വെസ്റ്റ് ഇൻഡീസിനെതിരെയും സഞ്ജുവിന്റെ ‘ഫ്ളയിംഗ് സ്റ്റാർട്ട്’ ഇന്ത്യക്ക് കരുത്താകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Source link



