വീട്ടിൽ നാരങ്ങയുണ്ടോ? കട്ടിംഗ് ബോർഡിലെ ദുർഗന്ധം നിമിഷനേരം കൊണ്ട് മാറ്റാം

വീട്ടിൽ എപ്പോഴും ആവശ്യമുള്ള സാധനമാണ് കട്ടിംഗ് ബോർഡ്. പ്ലാസ്റ്റിക് മെറ്റീരിയലുകൾ കൊണ്ടുള്ള ബോർഡുകൾ ആരോഗ്യത്തിന് ഹാനികരമായത് കൊണ്ടുതന്നെ തടി കൊണ്ടുണ്ടാക്കിയവയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാൽ തടി ഉപയോഗിച്ചുണ്ടാക്കിയ ബോർഡുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. എപ്പോഴും ഉപയോഗിക്കേണ്ടി വരുന്നതിനാൽ ഈർപ്പം തങ്ങിനിന്ന് ഇത് കറുത്ത നിറത്തിലാകുന്നത് വലിയൊരു തലവേദനയാണ്.
മീനോ മാംസമോ ഉള്ളിയോ അരിഞ്ഞതിന് ശേഷം കട്ടിംഗ് ബോർഡ് എത്ര തവണ കഴുകിയാലും ദുർഗന്ധം തങ്ങിനിൽക്കാറുണ്ട്. എപ്പോഴും അടുക്കളയിലുണ്ടാകുന്ന സാധനങ്ങൾ കൊണ്ടുതന്നെ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കും.
ഉപ്പും നാരങ്ങയും
ബോർഡിൽ അല്പം ഉപ്പ് വിതറിയതിന് ശേഷം മുറിച്ച നാരങ്ങ കൊണ്ട് അതന്റെ പ്രതലത്തിൽ ഉരയക്കുക. 10 മിനിട്ട് അങ്ങനെ തന്നെ വച്ച ശേഷം ചൂട് വെള്ളത്തിൽ കഴുകി കളയുക. ദുർഗന്ധവും ബാക്ടീരിയയും കുറയാൻ ഇത് സഹായിക്കും.
നാരങ്ങയും ബേക്കിംഗ് സോഡയും
കട്ടിംഗ് ബോർഡിന് മുകളിൽ അല്പം ബേക്കിംഗ് സോഡ വിതറിയ ശേഷം പകുതി നാരങ്ങ ഉപയോഗിച്ച് നന്നായി തേച്ചുപിടിപ്പിക്കുക. ഇത് 10 മിനിട്ടിന് ശേഷം കഴുകി, ബോർഡ് നന്നായി ഉണക്കുക. കറുത്ത നിറം മാറാനും ദുർഗന്ധം അകറ്റാനും ഇത് സഹായിക്കും.
വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഒരിക്കലും തടി കൊണ്ടുള്ള കട്ടിംഗ് ബോർഡ് വെള്ളത്തിൽ കുതിർത്ത് വയ്ക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ കട്ടിംഗ് ബോർഡ് വളരെ വേഗം ചീത്തയായി പോകാൻ ഇടയുണ്ട്.
Source link


