ശരീരഭാരം കുറയ്ക്കാനും ഊർജം നിലനിർത്താനും ഒരു സിമ്പിൾ ബ്രേക്ക്ഫാസ്റ്റ്; തയ്യാറാക്കാം എളുപ്പത്തിൽ

പ്രഭാതഭക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. ശരീരത്തിന് ആവശ്യമായ ഊർജവും ഉന്മേഷവും ലഭിക്കാൻ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം തന്നെ കഴിക്കണം. എന്നാൽ ഇന്ന് വർദ്ധിച്ചുവരുന്ന തിരക്കിനിടയിൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം തയ്യാറാക്കുക എന്നത് അത്ര എളുപ്പമല്ല. ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിലും ആരോഗ്യകരവുമായി തയ്യാറാക്കാൻ സാധിക്കുന്ന ഒരു പ്രഭാതഭക്ഷണമാണ് ഡേറ്റ്സ് ചിയാ പുഡ്ഡിംഗ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് പിന്തുടരുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഒന്നാണിത്. ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഈർജം നിലനിർത്തുന്നതിനും ഏറ്റവും അനുയോജ്യമാണ് ഡേറ്റ്സ് ചിയാ പുഡ്ഡിംഗ്. പേര് കേൾക്കുമ്പോൾ അല്പം പ്രയാസമെന്ന് തോന്നുമെങ്കിലും ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. എങ്ങനെയാണ് ഡേറ്റ്സ് ചിയാ പുഡ്ഡിംഗ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഈന്തപ്പഴം- 1/2 കപ്പ്
ചെറുചൂടുള്ള പാൽ- 3 ടേബിൾസ്പൂൺ
പാൽ- 2 കപ്പ്
റോൾഡ് ഓട്സ്- 1/2 കപ്പ്
ചിയാ സീഡ്സ്- 4 ടേബിൾസ്പൂൺ
കൊക്കോ പൗഡർ- 2 ടീസ്പൂൺ
ബദാം- 1/2 കപ്പ്
തയ്യാറാക്കേണ്ട വിധം
ആദ്യം കുരുകളഞ്ഞ ഈന്തപ്പഴം 30 മിനിറ്റ് ചെറുചൂടുള്ള പാലിൽ കുതിർക്കാൻ വയ്ക്കണം. ഇത് നന്നായി കുതിർന്നതിന് ശേഷം മിക്സിയിൽ ഇട്ട് നന്നായിട്ട് പേസ്റ്റ് രൂപത്തിലാക്കണം. എന്നിട്ട് ഈ പേസ്റ്റ് മാറ്റിവയ്ക്കാം. ഇനി ഒരു പാനിൽ കൊഴുപ്പ് കുറഞ്ഞ പാൽ ചൂടാക്കിയ ശേഷം അത്യാവശം വലിപ്പമുള്ള ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഇതിലേയ്ക്ക് റോൾഡ് ഓട്സ്, കൊക്കോ പൗഡർ, ആദ്യം തയ്യാറാക്കി മാറ്റിവച്ച ഈന്തപ്പഴം പേസ്റ്റ്, ചിയാ സീഡ്സ് എന്നിവ ചേർക്കാം. ശേഷം ഇത് കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കണം. ഇനി ഇത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.
Source link


