BUSINESS
ഇനി പാക്കറ്റ് ഭക്ഷണങ്ങളില്‍ കമ്പനികളുടെ കളി നടക്കില്ല; സാധാരണക്കാര്‍ക്കായി FSSAI ഇടപെടല്‍

Food Safety and Standards Authority of India: പാക്കറ്റുകളിലെ ‘100% ശുദ്ധം’ എന്ന ലേബല്‍ കണ്ട് സാധനങ്ങള്‍ വാങ്ങുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍? ഇത്തരത്തില്‍ ഉയര്‍ന്ന വില കൊടുത്ത് നിങ്ങള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ശരിക്കും 100% ശുദ്ധമാണോ? നിങ്ങള്‍ ഇതുവരെ ‘100% ശുദ്ധം’ എന്ന ലേബല്‍ കണ്ട് വാങ്ങിയിരുന്ന ഉല്‍പ്പന്നങ്ങളില്‍ അടുത്തമാസം മുതല്‍ അത്തരമൊരു പ്രഖ്യാപനം ഉണ്ടാകില്ല. ഉപയോക്താക്കളെ ചതിക്കുഴികളില്‍ വീഴ്ത്താതെ സത്യസന്ധമായ വിവരങ്ങള്‍ നല്കാന് ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ നീക്കമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ബോഡിയുടെ ഇടപെടല്‍ വളരെ നേരത്തേ ഉണ്ടാകേണ്ടതായിരുന്നുവെന്നാണ് പലരും പറയുന്നത്. അതേസമയം ഈ നടപടി കമ്പനികള്‍ക്ക് കോടി കണക്കിന് രൂപയുടെ അധിക ബാധ്യതയ്ക്ക് വഴിവയ്ക്കുമെന്ന് ചിലര്‍ പറയുന്നു. കമ്പനികള്‍ ഈ ചെലവ് ഉപയോക്താക്കള്‍ക്ക് കൈമാറുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. ഒരു ഉപയോക്താവ് എന്ന നിലയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങളാണ് ഇനി പറയുന്നത്. എന്തുകൊണ്ട് ഈ മാറ്റം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുകയാണ് എന്നതാണ് ഏറ്റവും പ്രധാനം. പല കമ്പനികളും ഇന്ന് വിപണി പിടിക്കാനും, ഉപയോക്താക്കളെ ആകര്‍ഷിക്കാനും ‘100% ശുദ്ധം’, ‘100% പ്രകൃതിദത്തം’ എന്ന ലേബലുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇവയില്‍ പലതും യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും ശരിയല്ല. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ അവസാനിപ്പിക്കാനാണ് നടപടി. നിയമം അനുസരിച്ച് ഒരു ഉല്‍പ്പന്നത്തില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ കൃത്യമായി അളക്കാനും, തെളിയിക്കാനും കഴിയുന്നവയായിരിക്കണം. ഉപയോക്താക്കള്‍ക്ക് വാങ്ങുന്ന ഭക്ഷണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ നിയമം ജൂലൈ മാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. പഴയ പാക്കേജിങ് മാറ്റുന്നതിനായി കമ്പനികള്‍ക്ക് കൃത്യമായ സമയപരിധി FSSAI നല്‍കിയിട്ടുണ്ട്. ഉപയോക്താക്കളുടെ നേട്ടങ്ങള്പാക്കറ്റുകളില് കാണുന്ന ‘100%’ എന്ന വ്യാജ അവകാശവാദങ്ങള്‍ കണ്ട് അവ വാങ്ങിയിരുന്ന നിരവധി ആളുകളുണ്ടായിരുന്നു. എന്നാല്‍ നടപടികള്‍ കര്‍ശനമാക്കുന്നതോടെ വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ ഗുണനിലവാരം മനസിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. നിയമം പ്രബല്യത്തില്‍ വരുന്നതോടെ വിപണിയില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലെ ക്ലെയിമുകള്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാകും. ഇത്രയും നാള് കണ്ണടച്ച് വാങ്ങിയിരുന്ന ഉല്‍പ്പന്നങ്ങളില്‍ എത്രമാത്രം സത്യമുണ്ടായിരുന്നുവെന്നും വരും ദിവസങ്ങളില്‍ അറിയാം. നടപടി വിപണിയിലുള്ള വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കും.കമ്പനികള്‍ക്ക് വന്‍ തിരിച്ചടി പല ക്ലെയിമുകളും പല കമ്പനികള്‍ക്കും പിന്‍വലിക്കേണ്ടി വരും. ഇതിന് ഉപയോക്താക്കളോട് എന്തു മറുപടി നല്‍കുമെന്നത് വലിയ ചോദ്യമാണ്. നിയമം കര്‍ശനമാകുന്നതോടെ ഒരു കമ്പനി അതിന്റെ പാക്കേജിങ് ഡിസൈന്‍ പൂര്‍ണ്ണമായും മാറ്റേണ്ടി വരാം. ഒരു ഇടത്തരം കമ്പനിക്ക് പോലും ഇന്ന് നൂറുകണക്കിന് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകാം. അവ തന്നെ പല അളവില്‍ ലഭ്യമാക്കുന്നുണ്ടാകാം. ഇവയുടെയെല്ലാം കവറുകളിലെ ഡിസൈന്‍ മാറ്റേണ്ടി വരും. ഇത് വലിയ ചെലവുള്ള കാര്യമാണ്. പുതിയ ഡിസൈനുകള്‍ക്ക് അനുമതി വാങ്ങുക, പ്രിന്റിംഗ് പ്ലേറ്റുകള്‍ മാറ്റുക, പുതിയ പാക്കേജിങ് മെറ്റീരിയലുകള്‍ നിര്‍മ്മിക്കുക എന്നിവ പല കമ്പനികള്‍ക്കും വലിയ തലവേദനയും, സമയനഷ്ടവും ഉണ്ടാക്കും. കോടിക്കണക്കിന് രൂപ ചിലവഴിച്ച് ജനങ്ങളുടെ മനസില്‍ പതിപ്പിച്ച പല ടാഗ്ലൈനുകളും, ബ്രാന്‍ഡ് ഇമേജും, അവകാശ വാദങ്ങളും പലര്‍ക്കും ഒറ്റയടിക്ക് മാറ്റേണ്ടി വരാം. ഇത് കമ്പനികളുടെ മാര്‍ക്കറ്റിംഗിനെ ബാധിക്കാം.സാമ്പത്തികവശം കഠിനം തന്നെ പാക്കറ്റുകളിലെ ചെറിയ മാറ്റത്തിന പോലും കമ്പനികള്‍ വലിയ ചെലവഴിക്കല്‍ നടത്തേണ്ടി വരും. പ്രിന്റിംഗ്, ഡിസൈനിങ്, പുതിയ പാക്കേജിങ് എന്നിവ കോടിക്കണക്കിന് രൂപയുടെ ചെലവിന് കാരണമാകും. കമ്പനികള്‍ക്കുണ്ടാകുന്ന ഈ ഭീമമായ അധിക ചിലവ് ഒടുവില്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചേക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ഏകദേശം 17.6 ശതമാനത്തോളം സംഭാവന ചെയ്യുന്ന വലിയൊരു മേഖലയാണ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രി. 70 ലക്ഷത്തിലധികം ആളുകള്‍ക്ക് മേഖല തൊഴില്‍ നല്കുന്നു. ഈ മേഖലയില്‍ വരുന്ന ഏതൊരു ആഘാതവും തിരിച്ചടിക്ക് കാരണമായേക്കാം. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സുതാര്യതയ്ക്കും ഇത് മികച്ചൊരു തീരുമാനമാണെങ്കിലും, ഭക്ഷ്യോല്‍പ്പാദന കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയായി ഭവിച്ചേക്കാം.
Source link


