NEWS

ഡപ്യൂട്ടി സ്പീക്കറുടെ തലയിലെഴുത്ത് മാറ്റാൻ ഷാനിമോൾ; ചെയറിൽ മാത്രമല്ല ഇരിപ്പിടത്തിലും റോൾ, കീഴ്‌വഴക്കങ്ങൾ ലംഘിക്കുമോ തിരുവഞ്ചൂർ?


സംസ്ഥാന നിയമസഭാ ചരിത്രത്തിലെ സുപ്രധാന ദിവസങ്ങളിലൊന്നായി 2026 ജൂൺ 22 രേഖപ്പെടുത്തിയേക്കാം. സഭയിലെ ഡപ്യൂട്ടി സ്പീക്കറായ വനിതാ എംഎൽഎ ഷാനിമോൾ ഉസ്മാൻ നടത്തിയ ഇടപെടലിനൊടുവിൽ സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും ഡപ്യൂട്ടി സ്പീക്കർക്കും അവസരം ലഭിച്ചേക്കുമെന്ന സൂചനയാണ് ഇന്നലെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയത്. തനിക്കു വേണ്ടി മാത്രമല്ലെന്നും വരാൻ പോകുന്ന ഡപ്യൂട്ടി സ്പീക്കർമാർക്കു വേണ്ടി കൂടിയാണ് താൻ ഈ അവസരം ചോദിക്കുന്നതെന്നും ആയിരുന്നു ഷാനിമോൾ സഭയിൽ പറഞ്ഞത്. ഇക്കാര്യത്തിൽ സ്പീക്കറുടെ റൂളിങ് ഉണ്ടായേക്കും. സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാറുണ്ടെങ്കിലും വർഷത്തിൽ ഒരുതവണയേ ഡപ്യൂട്ടി സ്പീക്കർക്ക് പ്രസംഗിക്കാൻ അവസരമുള്ളൂ. ബജറ്റ് ചർച്ചയ്ക്കു തുടക്കംകുറിച്ചാണിത്. തിങ്കളാഴ്ച തന്റെ പ്രസംഗത്തിനുശേഷമാണു മണ്ഡലത്തിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ സബ്മിഷനോ ശ്രദ്ധക്ഷണിക്കലോ അവതരിപ്പിക്കാനുള്ള അവസരം ഇല്ലെന്ന് ഷാനിമോൾ ചൂണ്ടിക്കാട്ടിയത്. എല്ലാ നിയമസഭാംഗങ്ങളെയും പോലെ, മണ്ഡലത്തിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും ഡപ്യൂട്ടി സ്പീക്കർക്ക് അവസരമൊരുക്കണമെന്ന ആവശ്യം ന്യായമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ചർച്ചയിൽ പങ്കാളിയായില്ലെങ്കിലും പ്രതിപക്ഷം എതിർപ്പു പ്രകടിപ്പിച്ചില്ല. തുടർന്ന്, സഭയുടെ പൊതുവികാരമാണെന്ന ധാരണയിൽ ഡപ്യൂട്ടി സ്പീക്കർക്ക് അവസരമൊരുക്കുന്നത് പരിഗണിക്കാമെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.നിയമസഭാ ചട്ടത്തിൽ എവിടെ?ലോക്സഭയിലും വിവിധ സംസ്ഥാന നിയമസഭകളിലും ഡപ്യൂട്ടി സ്പീക്കർമാർ സബ്മിഷനുകളും ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങളും അവതരിപ്പിക്കാറില്ല. പൊതുജനപ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇവ ഉപയോഗിക്കുന്നത്. ഡപ്യൂട്ടി സ്പീക്കർമാർ സാധാരണയായി ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇരുന്നു സർക്കാരിനോടു ചോദ്യങ്ങൾ ചോദിക്കാറില്ല. എന്നാൽ ഡപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കാത്ത സമയത്ത് ഒരു സാധാരണ അംഗം മാത്രമാണ്. എങ്കിലും, പദവിയുടെ മര്യാദ മുൻനിർത്തി അവർ ഇത്തരം പ്രമേയങ്ങൾ അവതരിപ്പിക്കാറില്ല. പാർലമെന്റിൽ 2014ൽ മുതൽ ഡപ്യൂട്ടി സ്പീക്കർ പദവി തന്നെ ഇല്ലാതിരിക്കുമ്പോഴാണ് കേരളത്തിൽ ഇത്തരമൊരു ചർച്ചയ്ക്കു തുടക്കം കുറിച്ചിരിക്കുന്നത്.


Source link

Back to top button