NEWS

സ്പീക്കറെയും ചിരിപ്പിച്ച് കോട്ടയം ആകാശപ്പാത; സതീശൻ ശൈലി; ലളിതം, പ്രഫഷനൽ


തിരുവനന്തപുരം ∙ പതിവു ബഹളങ്ങളില്ല, പ്രാതലിലെ വിഭവങ്ങളോ കുടുംബാംഗങ്ങളുടെ അകമ്പടിയോ ക്യാമറകൾക്കു മുന്നിലെ പതിവു പ്രതികരണങ്ങളോ ഉണ്ടായില്ല. തികച്ചും പ്രഫഷനൽ, അതിലുപരി ലളിതം. മുഖ്യമന്ത്രി വി.ഡി.സതീശന്റെ ബജറ്റ് ദിനത്തിന് കന്റോൺമെന്റ് ഹൗസിൽ തുടക്കമിട്ടത് വേറിട്ടൊരു ശൈലിയിൽ. ഇന്നലെ പുലർച്ചെ നാലരയോടെ, മണ്ണന്തലയിലെ സർക്കാർ പ്രസിൽ അച്ചടിച്ച ബജറ്റ് പ്രസംഗത്തിന്റെ ആദ്യ പകർപ്പുമായി ഉദ്യോഗസ്ഥർ കന്റോൺമെന്റ് ഹൗസിലെത്തി. മുഖ്യമന്ത്രി ഉദ്യോഗസ്ഥരിൽനിന്നു പകർപ്പ് വാങ്ങി അപ്പോൾത്തന്നെ ഒരിക്കൽ കൂടി വായിച്ചു. രാവിലെ ഏഴരയോടെ ചീഫ് സെക്രട്ടറി എ.ജയതിലക്, ധനകാര്യ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു.കേൽക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബജറ്റ് പ്രസംഗം ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കൈമാറി. മാധ്യമങ്ങൾക്ക് ചിത്രങ്ങൾ പകർത്താൻ കൂടിയായിരുന്നു ഈ ഒത്തുചേരൽ. എട്ടരയോടെ മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസിൽ നിന്നിറങ്ങി നിയമസഭയിലേക്ക് തിരിച്ചു. മുൻഗാമികളായ പല മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ബജറ്റ് അവതരണത്തിന് ഇറങ്ങുമ്പോൾ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്ന പതിവുണ്ട്. എന്നാൽ, സതീശന്റെ കാര്യത്തിൽ അതുണ്ടായില്ല. നിയമസഭയിലേക്ക് പുറപ്പെടും മുൻപ് മാധ്യമങ്ങളോട് പ്രതികരിക്കുന്ന പതിവും ഒഴിവാക്കി.സഗൗരവം ബജറ്റ് വായനയിലേക്കു കടന്ന മുഖ്യമന്ത്രി ഇടവേളയില്ലാതെ വായന തുടർന്നു. ഓരോ പ്രഖ്യാപനത്തിലും ഭരണപക്ഷ എംഎൽഎമാരുടെ കയ്യടിയും ഡസ്കിൽ തട്ടിയുള്ള പ്രോത്സാഹനവും. കോട്ടയത്തെ ആകാശപ്പാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായപ്പോൾ സഭയിലെ ഗൗരവം അയഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രഖ്യാപനം കേട്ടു ചിരിച്ചു, മറ്റുള്ളവരും.


Source link

Back to top button