NEWS
70 മീറ്റർ വീതിയിൽ എട്ടുവരി പാത: അങ്കമാലി– അരൂർ ബൈപാസ് പദ്ധതിക്ക് കേന്ദ്രാനുമതി; സംസ്ഥാനത്ത് 8 വരിയിൽ നിർമിക്കുന്ന ആദ്യ പാത

അങ്കമാലി ∙ അങ്കമാലിയിൽ നിന്നാരംഭിക്കുന്ന കൊച്ചി ബൈപാസ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. മുൻപു നിശ്ചയിച്ചിരുന്ന 6 വരിയിൽ നിന്ന് 8 വരിയാക്കിയുള്ള നിർമാണത്തിനാണ് അനുമതി. 70 മീറ്റർ വീതിയിൽ എട്ടു വരിയായി ആദ്യഘട്ടത്തിലും പിന്നീട് 10 വരിയായും വികസിപ്പിക്കാവുന്ന തരത്തിലാകും നിർമാണം. സംസ്ഥാനത്ത് എട്ടു വരിയിൽ നിർമിക്കുന്ന ആദ്യ പാതയാകും ഇത്. ആദ്യം കുണ്ടന്നൂർ വരെ നിർമിക്കാൻ ലക്ഷ്യമിട്ട പാത 44.7 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററാക്കി അരൂർ വരെ നീട്ടി. ബൈപാസിന്റെ 3 എ വിജ്ഞാപനം ഉടൻ ഇറങ്ങും. 2024ൽ ഇറങ്ങിയ 3 എ വിജ്ഞാപനം റദ്ദായതോടെ ബൈപാസ് പദ്ധതി അനിശ്ചിതത്വത്തിൽ ആയിരുന്നു.അങ്കമാലി കുണ്ടന്നൂർ ബൈപാസ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ മുൻ എൽഡിഎഫ് സർക്കാർ വൈകിച്ചതിനെ തുടർന്നാണു പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിച്ചത്. 5 വർഷം മുൻപു നടത്തിയ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെടുകയും ചെയ്തു. പുനർ വിജ്ഞാപനത്തിനു മുന്നോടിയായി പുതിയ ട്രാഫിക് സർവേ നടത്തി. പ്രതീക്ഷിച്ചതിലും വാഹനപ്പെരുപ്പം ഉണ്ടായേക്കാമെന്നും ആറുവരിപ്പാത വന്നാൽ ഗതാഗതക്കുരുക്കിനു പരിഹാരമാകില്ലെന്നും സർവേയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പാത എട്ടു വരിയാക്കുന്നത്.പുനർ അനുമതിക്കായി കേന്ദ്ര ഗതാഗത മന്ത്രിയെ നേരിൽ കണ്ടു ചർച്ച നടത്തി. നടപടി ക്രമങ്ങൾ സംബന്ധിച്ച് ഗതാഗത സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സർവേ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് സംസ്ഥാന സർക്കാർ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കാതെ വന്നതിനാലാണ് ആദ്യത്തെ 3എ വിജ്ഞാപനത്തിലെ നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ പോയതെന്നും ബെന്നി പറഞ്ഞു.
Source link


