NEWS
അമ്മിക്കല്ലും കത്തിയും, കരുതിക്കൂട്ടി കൊലപാതകം, സംശയം തോന്നാതിരിക്കാൻ 13 വയസ്സുകാരനും; ഞെട്ടൽ മാറാതെ സഹപ്രവർത്തകരും വിദ്യാർഥികളും

ന്യൂഡൽഹി ∙ ഒരുപാട് ഓർമകളുള്ള ആ വീട്ടിലേക്ക്, ഈ അവധിക്കാലത്ത് അമ്മയുടെ കൈപിടിച്ചു ചെല്ലണം എന്നായിരുന്നു ദേവസ്മിതയുടെ ആഗ്രഹം. പക്ഷേ, ജീവനോടെ ആ മുറ്റത്തേക്കു കടക്കാൻ വിധി അനുവദിച്ചില്ല. കോടികൾ വിലയുള്ള ആ വീട് കൈക്കലാക്കാൻ പദ്ധതിയിട്ട്, ബംഗാളിൽ നിന്നു ഡൽഹിയിലെത്തിയ ദമ്പതികൾ അവരുടെ ജീവനെടുത്തു. ശിവാജി കോളജിലെ ഇംഗ്ലിഷ് അധ്യാപിക ദേവസ്മിത പോളിന്റെ (35) അപ്രതീക്ഷിത മരണം ഏൽപിച്ച ആഘാതത്തിൽ നിന്നു സഹപ്രവർത്തകരും വിദ്യാർഥികളും ഇനിയും മോചിതരായിട്ടില്ല.വളരെ കുറച്ചുമാത്രം സംസാരിക്കുന്ന, പതിഞ്ഞ സ്വഭാവമുള്ള ടീച്ചറെ എല്ലാവരും സ്നേഹത്തോടെ ദേബോ എന്നാണു വിളിച്ചിരുന്നത്. കോളജിലെ കൾചറൽ കമ്മിറ്റി അംഗം, വനിതാവികസന സെൽ അംഗം, കോളജ് മാഗസിൻ പത്രാധിപ സമിതിയംഗം എന്നിങ്ങനെ അക്കാദമിക വിഷയങ്ങൾക്കു പുറമേ വിദ്യാർഥികളുടെ പാഠ്യേതര പരിപാടികളിലും ദേവസ്മിത സജീവമായിരുന്നു. കുട്ടികളെ സംഘടിപ്പിച്ച് കലാസാംസ്കാരിക പരിപാടികൾ നടത്തുന്നതിലും മുൻനിരയിലുണ്ടായിരുന്നു. ‘അവരെക്കുറിച്ച് ഇതുവരെ ആരും ഒരു പരാതിയും പറഞ്ഞില്ല, ആരെക്കുറിച്ചും അവരും പരാതിപ്പെട്ടിട്ടില്ല’: ദേവസ്മിതയെക്കുറിച്ച് ശിവാജി കോളജ് പ്രിൻസിപ്പൽ പ്രഫ.വീരേന്ദർ ഭരദ്വാജിന്റെ വാക്കുകൾ. കഴിഞ്ഞ അവധിക്കാലത്തു മാതാപിതാക്കളുമായി അയോധ്യയിലേക്കു യാത്ര പോയ ദേവസ്മിത ഇത്തവണ അവരെ തങ്ങളുടെ സ്വന്തം നാടായ ബംഗാളിലേക്കു കൊണ്ടുപോകണമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്.അമ്മിക്കല്ലും കത്തിയും ഇടയ്ക്കിടെ ഡൽഹിയിൽ വരാറുള്ള രാംപ്രസാദ്, ദേവസ്മിതയുടെ ഫ്ലാറ്റും പരിസരവും നിരീക്ഷിച്ച് ചിത്രങ്ങളെടുത്തു. കൊല്ലാനുറപ്പിച്ചതിന്റെ തലേദിവസം വലിയൊരു അമ്മിക്കല്ലും കത്തിയും കരുതിയാണു ദമ്പതികൾ ഡൽഹിയിലെത്തിയത്. സംശയം തോന്നാതിരിക്കാൻ 13 വയസ്സുള്ള മകനെയും കൂട്ടി. ദമ്പതികളെ കണ്ടു വാതിൽ തുറന്ന ദേവസ്മിത അവരെ അകത്തേക്കു ക്ഷണിച്ചു. കുടിക്കാൻ വെള്ളം കൊടുത്തു. അതിനിടെ വീടിനെച്ചൊല്ലി സംസാരമുണ്ടായി. തർക്കത്തിനിടെ രാംപ്രസാദ് അമ്മിക്കല്ലെടുത്തു ദേവസ്മിതയുടെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പിക്കാൻ കത്തിയെടുത്തു കൈത്തണ്ട മുറിച്ചു. അവരെ സ്ഥലത്തെത്തിച്ച ടാക്സി ഡ്രൈവറിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബംഗാളിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
Source link


