SPORTS
‘ബാറ്റിങ്ങിനിടെ ആർത്തവം തുടങ്ങി, പാഡ് മാറ്റാൻ ഗ്രൗണ്ട് വിട്ടപ്പോൾ മത്സരം തടസ്സപ്പെട്ടു’: ചർച്ചയായി സ്മൃതിയുടെ വെളിപ്പെടുത്തൽ

ലണ്ടൻ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ടെസ്റ്റ് മത്സരത്തിനിടെ തനിക്ക് ആർത്തവം ആരംഭിച്ചെന്നും തുടർന്ന് സാനിറ്ററി പാഡ് മാറ്റാൻ കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിന് പുറത്തുപോകാൻ അനുവദിക്കണമെന്ന അസാധാരണമായ അഭ്യർഥനയുമായി അംപയറെ സമീപിക്കേണ്ടി വന്നെന്നുമായിരുന്നു സ്മൃതിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ. താൻ ഗ്രൗണ്ട് വിട്ടതോടെ പത്തു മിനിറ്റിലേറെ സമയം കളി തടസ്സപ്പെട്ടതായും സ്മൃതി പറഞ്ഞു. പല വനിതാ കായികതാരങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, പൊതുവേ ഇത്തരം കാര്യങ്ങൾ ആരും പരസ്യമായി ചർച്ച ചെയ്യാറില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് സ്മൃതിയുടെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കു വഴിവച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുമ്പോൾ പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ മറികടന്ന് സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വനിതാ താരങ്ങൾ നിർബന്ധിതരാകാറുണ്ടെന്ന് മന്ഥന വിശദീകരിച്ചു. പ്രഫഷനൽ കായികരംഗത്ത് സ്ത്രീകൾ നേരിടുന്ന ഇത്തരം വെല്ലുവിളികളെക്കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള സ്മൃതിയുടെ ആർജവത്തെ പ്രശംസിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. നിയമങ്ങളിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബോളർ എട്ട് മിനിറ്റിൽ കൂടുതൽ സമയത്തേക്ക് മൈതാനത്തിന് പുറത്തിരുന്നാൽ, തിരികെ വന്നതിന് ശേഷം വീണ്ടും ബോൾ ചെയ്യുന്നതിന് മുൻപ് അത്രയും സമയം തന്നെ കാത്തിരിക്കേണ്ടി വരും. ആരോഗ്യപരമായ കാരണങ്ങളാൽ ഇടവേള എടുക്കേണ്ടി വരുന്ന ഓൾറൗണ്ടർമാരെയും ബോളർമാരെയും ഇത് കാര്യമായി ബാധിച്ചേക്കാം.
Source link


