SPORTS

ഒറ്റയ്ക്കു വേദനിച്ചു, ക്യാപ്റ്റൻസി ആരും തന്നതല്ല, ഓരോ അംശവും നേടിയെടുത്തത്: ശ്രേയസിനെക്കുറിച്ച് ശ്രേഷ്ഠ അയ്യർ


മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് അയ്യരെ അഭിനന്ദിച്ച് സഹോദരി ശ്രേഷ്ഠ അയ്യർ. ഇൻസ്റ്റ ഗ്രാമിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ ശ്രേയസിന്റെ നേട്ടം അസാധാരണവും അഭിമാനമുണ്ടാക്കുന്നതുമാണെന്ന് ശ്രേഷ്ഠ അയ്യർ പ്രതികരിച്ചു. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ സങ്കടങ്ങൾ കുടുംബത്തിൽനിന്നു പോലും ശ്രേയസ് മറച്ചുപിടിച്ചതായും സഹോദരി വ്യക്തമാക്കി. സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ശ്രേയസിനെ പുതിയ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്.‘‘ഈ ചുമതല ആരും നിന്റെ കയ്യിൽവച്ചു തന്നതല്ല. ഇതിന്റെ ഓരോ അംശവും നീ നേടിയെടുത്തതാണ്. സ്വയമുള്ള കഠിനാധ്വാനം, ഉറച്ച തീരുമാനം, വിശ്വാസം എന്നിവയിലൂടെയാണ് അതു സാധ്യമായത്. നീ അതു ചെയ്തിരിക്കുന്നു ശ്രേയസ്. നിന്നെയോർത്ത് എത്ര അഭിമാനമുണ്ടെന്ന് എനിക്കു പറഞ്ഞറിയിക്കാൻ സാധിക്കില്ല. നേട്ടങ്ങളിൽ അഭിമാനിക്കുന്ന സഹോദരി മാത്രമല്ല, നിന്നെക്കുറിച്ച് ഞാൻ അദ്ഭുതപ്പെടുകയാണ്. ജീവിതം വീണ്ടും വീണ്ടും പരീക്ഷിച്ചപ്പോഴും അതിനെയെല്ലാം നേരിട്ട രീതി എന്നെ ഓരോ ദിവസവും പ്രചോദിപ്പിക്കുകയാണ്. നീ കടന്നുവന്ന വഴികൾ എല്ലാവർക്കും സഞ്ചരിക്കാൻ സാധിക്കുന്നതല്ല. ഇന്ന് രാജ്യം നിന്നെ ആഘോഷിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കു നന്നായി അറിയാം. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ.


Source link

Back to top button