NEWS

ആലപ്പുഴ – മാരാരിക്കുളം റെയിൽപാത ഇരട്ടിപ്പിക്കൽ: 220.51 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം


തിരുവനന്തപുരം ∙ ആലപ്പുഴ-മാരാരിക്കുളം റെയില്‍ പാത ഇരട്ടിപ്പിക്കലിന് 220.51 കോടി രൂപയുടെ പദ്ധതിക്ക് റെയില്‍വേ അംഗീകാരം നല്‍കി. 10.65 കിലോമീറ്റര്‍ ദൂരം പാത ഇരട്ടിപ്പിക്കലിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എറണാകുളം-തുറവൂര്‍-ആലപ്പുഴ-അമ്പലപ്പുഴ-കായംകുളം കോറിഡോറില്‍ ഇവിടെ മാത്രമാണ് ഇപ്പോള്‍ സിംഗിള്‍ ലൈന്‍ ഉള്ളത്. ബാക്കി സ്ഥലങ്ങളില്‍ ഇരട്ടിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പ്രതിദിനം 9 ട്രെയിനുകള്‍ കൂടി ഇതു വഴി സര്‍വീസ് നടത്താന്‍ കഴിയും. നിലവില്‍ 35 ട്രെയിനുകളാണ് ഇതു വഴി പോകുന്നത്. ഇതിനു പുറമേ വര്‍ഷം 28.8 ലക്ഷം ടണ്‍ ചരക്കു നീക്കവും സാധ്യമാകും. പ്രതിവര്‍ഷം 3.08 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.  69 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എറണാകുളം-അമ്പലപ്പുഴ പാതയില്‍ 45 കിലോമീറ്ററാണ് ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാനുള്ളത്. അമ്പലപ്പുഴ മുതല്‍ കായംകുളം വരെ ഇരട്ടപ്പാതയുണ്ട്. പാതയിരട്ടിപ്പിക്കല്‍ ഒന്നിച്ച് നടത്താനായിരുന്നു പദ്ധതി. ഇപ്പോള്‍ ഇത് മൂന്ന് റീച്ചുകളിലായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. എറണാകുളം മുതല്‍ കുമ്പളം വരെയും (7.71 കിലോമീറ്റര്‍) കുമ്പളം മുതല്‍ തുറവൂര്‍ വരെയും (15.59 കിലോമീറ്റര്‍) തുറവൂര്‍ മുതല്‍ മാരാരിക്കുളം വരെയും (21.10 കിലോമീറ്റര്‍) നടപടികള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരിയിലാണ് അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗത്തെ ഇരട്ടിപ്പിക്കലിന് 324 കോടി റെയില്‍വേ മന്ത്രാലയം അനുവദിച്ചത്. തുറവൂര്‍-മാരാരിക്കുളം റീച്ചിന് 430 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചിരുന്നു. ആലപ്പുഴ മുതല്‍ അമ്പലപ്പുഴ വരെയുള്ള ഭാഗത്തിന് 313 കോടിയാണ് എസ്റ്റിമേറ്റ്.


Source link

Back to top button