NEWS
ഹെലികോപ്റ്റർ കരാർ തുടരണമെന്ന് സർക്കാരിനോട് പൊലീസ് മേധാവി; പ്രതിമാസം വാടക 80 ലക്ഷം രൂപ

തിരുവനന്തപുരം ∙ പൊലീസിനായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കരാര്‍ ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണിത്. സ്വകാര്യ കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്റെ ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് ഹെലികോപ്റ്റര്‍ ആവശ്യമാണെന്നാണു ഡിജിപിയുടെ നിലപാട്. പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളില്‍ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. ഒരു മാസം 25 മണിക്കൂര്‍ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും അധിക തുക നല്‍കണം.
Source link


