LIFESTYLE

മഴക്കാലത്തും കെെനിറയെ വിളവെടുക്കാം, ചെലവും തുച്ഛം; ഈ കൃഷി ചെയ്യുന്നതാണ് നല്ലത്

ഒരിക്കൽക്കൂടി മഴക്കാലം വന്നെത്തി. ഈ മഴക്കാലത്ത് എന്ത് കൃഷി ചെയ്യുമെന്ന് ആലോചിക്കുന്നവരാണോ നിങ്ങൾ? അതിന് അനുയോജ്യമായ ഒരു വിളയാണ് വെണ്ട. മഴക്കാലത്ത് വെണ്ടയ്ക്കക്ക് കേടുകുറവാണ്. ഉയർന്ന തടങ്ങളിൽ വിത്തുപാകി മുളപ്പിച്ചാൽ മതി. കൃത്യമായ മണ്ണൊരുക്കവും ശാസ്ത്രീയമായ പരിപാലനവും ഉണ്ടെങ്കിൽ നല്ല വിളവും ലഭിക്കും. കേരളത്തിലെ മിക്കയിടങ്ങളും വെണ്ട കൃഷിയ്ക്ക് അനുയോജ്യമാണ്.

വിത്ത് വിതച്ച് വിളവെടുക്കാൻ 90 മുതൽ 100വരെ ദിവങ്ങൾ ആവശ്യമുള്ള പച്ചക്കറിയാണിത്. പുസ സവാനി, പുസ മഖ്മലി, ഐ എ ആർ ഐ സെലക്ഷൻ 2, കിരൺ, സൽകീർത്തി എന്നിവയാണ് വെണ്ടയ്ക്കയിലെ ഇനങ്ങൾ. കോ -1, അരുണ എന്നീ ഇനങ്ങളിൽ ചുവന്ന നിറമുള്ള വെണ്ടയ്ക്കയാണ് ഉണ്ടാകുന്നത്. 25 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനുമിടയിലുള്ള താപനിലയാണ് വെണ്ട വളരാൻ അനുയോജ്യം.

ചെടികൾ പറിച്ചുനടുകയാണെങ്കിൽ തെെകൾ തമ്മിൽ ഒന്നുമുതൽ രണ്ട് അടിവരെ അകലമുണ്ടായിരിക്കണം. വിത്തുകൾ വിതയ്ക്കുമ്പോൾ ഒരു ഇഞ്ച് ആഴത്തിലുള്ള കുഴിയെടുത്ത് ഓരോ ചെടിയും തമ്മിൽ 12 മുതൽ 18 ഇഞ്ച് വരെ അകലം നൽകണം. വിത്ത് നടുന്നതിന് മുൻപ് അൽപസമയം ഡ്യൂഡോമോണാസ് ഇരുപത് ശതമാനം വീര്യമുള്ള ലായനിയിൽ കുതിർത്ത് വയ്ക്കുന്നത് നല്ലതാണ്.

നടുമ്പോൾ അടിവളമായി ചാണകപ്പൊടി,​ എല്ലുപൊടി,​ വേപ്പിൻ പിണ്ണാക്ക്,​ കരിയില എന്നിവ ചേർക്കാം. മുന്നോ നാലോ ദിവസങ്ങൾ മതി വിത്ത് മുളയ്ക്കാൻ. രണ്ടാഴ്ചക്കാലം വളങ്ങൾ നൽകരുത്. ചെടിയിൽ മൂന്നോ നാലോ ഇലകൾ വന്നാൽ ചാണക്കപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും നൽകാം. ചെടികൾ വളരുമ്പോൾ കളകൾ നീക്കം ചെയ്യണം. തെെകൾ നട്ട് രണ്ട് മാസത്തിനുശേഷം ആദ്യത്തെ വിളവെടുപ്പ് നടത്താം. വെണ്ടയ്ക്കയ്ക്ക് രണ്ടോ മൂന്നോ ഇഞ്ച് വലുപ്പമുണ്ടാകുമ്പോൾ വിളവെടുപ്പ് നടത്താം.


Source link

Back to top button