‘മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം പിഴയും’; മൊബൈൽ ക്യാമറയും ‘തൂക്കി’ സ്വകാര്യതയിലേക്ക് കയറുന്നവർ അറിയാൻ

തിരുവനന്തപുരം: അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾക്കിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഓൺലൈൻ മാദ്ധ്യമങ്ങളുടെ സമീപനം വലിയ രീതിയിൽ ചർച്ചയായിരുന്നു. നടനും സലിം കുമാറിന്റെ മകനുമായ ചന്തു ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിർമ്മാതാവും പൃഥ്വരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മറ്റുള്ളവരുടെ ജീവിതത്തിൽ അനുവാദമില്ലാതെ ക്യാമറയുമായി കടന്നുചെന്നാലുണ്ടാകുന്ന നിയമവശങ്ങളെക്കുറിച്ച് പറയുകയാണ് കേരള പൊലീസ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകും. 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്
മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Source link
NEWS


