NEWS

കനത്ത മഴ, പൊന്‍മുടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രവേശനം വിലക്കി

തിരുവനന്തപുരം: പൊന്മുടി ഭാഗത്ത് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ജൂണ്‍ എട്ട് (തിങ്കളാഴ്ച) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി എക്കോ ടൂറിസത്തിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നിര്‍ത്തിവച്ചിരിക്കുന്നതായി തിരുവനന്തപുരം ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍ അറിയിച്ചു.

അതേസമയം, പൊന്‍മുടി-തിരുവനന്തപുരം സംസ്ഥാനപാതയില്‍ വിതുര തോട്ടുമുക്ക് പേരയത്തുപാറ ജംഗ്ഷന് സമീപം റോഡിലേക്ക് നീണ്ടുകിടക്കുന്ന സ്വകാര്യകമ്പനിയുടെ കേബിള്‍ അപകടങ്ങള്‍ വിതയ്ക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കേബിള്‍ ഇളകി റോഡിലേക്ക് പതിച്ചത്. കേബിളില്‍ തട്ടി ഇതിനകം അനവധി അപകടങ്ങള്‍ നടന്നു. ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാഴ്ചയായിട്ടും കേബിള്‍ മാറ്റിയിട്ടില്ല.

ധാരാളം പേര്‍ സഞ്ചരിക്കുന്ന മേഖലയിലാണ് ഈ കേബിള്‍ കിടക്കുന്നത്.മാത്രമല്ല വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടി, ബോണക്കാട്, പേപ്പാറ, കല്ലാര്‍ മേഖലകളിലേക്കായി ധാരാളം സഞ്ചാരികള്‍ കടന്നുപോകുന്ന പ്രധാന റോഡിലാണ് ഈ അപകടാവസ്ഥ. മാത്രമല്ല മഴയത്ത് ഓട നിറഞ്ഞ് പൊന്‍മുടി റോഡിലൂടെയാണ് ജലമൊഴുകുന്നത്.

ഇതോടെ മേഖലയില്‍ മാലിന്യവും അടിഞ്ഞുകൂടി കിടക്കുകയാണ്. കേബിള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ല. അടിയന്തരമായി കേബിള്‍ മാറ്റണമെന്ന് പേരയത്തുപാറ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


Source link
NEWS

Back to top button