NEWS

‘റഷ്യയുടെ ആണവ ബ്ലാക്ക്‌മെയിലിങ്’; ഡ്രോൺ ആക്രമണത്തിൽ തകർന്ന് യുക്രെയ്നിലെ ആണവനിലയം


കീവ് ∙ ചെർണോബിൽ ആണവനിലയത്തിന് സമീപമുള്ള ആണവ ഇന്ധനം കൈകാര്യം ചെയ്യുന്ന കേന്ദ്രത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെ 2.10 ഓടെയാണ് സംഭവം. എന്നാൽ ആണവ വികിരണത്തിന്റെ അളവ് നിലവിൽ സുരക്ഷിതമായ പരിധിക്കുള്ളിലാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും യുക്രെയ്ൻ അധികൃതർ അറിയിച്ചു.ചെർണോബിലെ സെൻട്രലൈസ്ഡ് സ്പെന്റ് ന്യൂക്ലിയർ ഫ്യൂവൽ സ്റ്റോറേജ് ഫെസിലിറ്റിയിലെ കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും 40 ചതുരശ്ര മീറ്റർ ചുറ്റളവിൽ തീപിടിത്തമുണ്ടാകുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് പിന്നീട് തീ അണച്ചത്. യുക്രെയ്നിലെ ആണവ ഓപ്പറേറ്ററായ എനർഗോആറ്റം വ്യക്തമാക്കുന്നത് അനുസരിച്ച്, ആക്രമണം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ ആണവ ഇന്ധനങ്ങൾ ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ല. അമേരിക്കൻ കമ്പനിയായ ഹോൾടെക് ഇന്റർനാഷനലുമായി സഹകരിച്ച് നിർമിച്ച കേന്ദ്രത്തിൽ, കോൺക്രീറ്റും സ്റ്റീലും ഉപയോഗിച്ച് ഉറപ്പിച്ച കണ്ടെയ്നറുകളിലാണ് ആണവ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നത്.


Source link

Back to top button