NEWS
കേരളത്തിലേക്കു നുഴഞ്ഞുകയറിയ ബംഗ്ലദേശികളെ കണ്ടെത്താൻ പൊലീസ്; തൊഴിൽ, സഹായം നൽകുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് കേന്ദ്രം

കൊച്ചി ∙ അതിഥിത്തൊഴിലാളികൾക്കൊപ്പം കേരളത്തിലേക്കു നുഴഞ്ഞുകയറിയ ബംഗ്ലദേശികളെ കണ്ടെത്താൻ ഊർജിത നടപടിയുമായി പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണു കേരളത്തിലും കർശനനടപടിക്കു തുടക്കമിട്ടത്. അനധികൃതമായി രാജ്യത്തു കടന്നിട്ടുള്ള ബംഗ്ലദേശികൾ വൻ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നാണു കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും നടപടിക്കു നിർദേശം നൽകിയത്.സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണു (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) പരിശോധനകൾക്കും തുടർനടപടികൾക്കും ചുക്കാൻ പിടിക്കുന്നത്. നിയമാനുസൃത രേഖകളില്ലാതെ അനധികൃതമായി തങ്ങിയിരുന്ന ഒട്ടേറെ ബംഗ്ലദേശികൾ വിവിധ ജില്ലകളിൽ നിന്ന് ഇതിനോടകം പൊലീസിന്റെ വലയിലായി.ബംഗ്ലദേശികളെ തിരഞ്ഞു കണ്ടെത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ശേഷം വിദേശകാര്യമന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാടുകടത്തുകയാണു ചെയ്യുക. പിടിയിലാകുന്നവർ തീവ്രവാദബന്ധമോ മറ്റു കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ഉള്ളവരാണോ എന്നു കണ്ടെത്താൻ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഇവർക്ക് അഭയം, സഹായം, തൊഴിൽ എന്നിവ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും കർശന നടപടിയാണു നടക്കുന്നത്.
Source link


