NEWS
മിന്നൽ പ്രളയത്തിനും സാധ്യത; ഇന്നും നാളെയും അതിതീവ്ര മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടാകാം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.കനത്ത മഴയിൽ തൃശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവിൽ മരം വീണു, സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ശാന്തിക്കാരൻ മരിച്ചു. ശ്രീനാരായണപുരം താമരക്കുളം തോട്ടാപ്പിള്ളി ക്ഷേത്രത്തിലെ ശാന്തിക്കാരനായ വെള്ളാങ്ങല്ലൂർ കരുമാത്ര ബ്ലാഹയിൽ ഇല്ലത്ത് മണികണ്ഠനാണ് (60) മരിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടാകാം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്കു സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
Source link


