NEWS

അതിഥിത്തൊഴിലാളികളുടെ വരവ് കുറഞ്ഞു: വരുന്നവർക്കായി പിടിവലി; കൂലി അനുദിനം കൂടുന്നു


എടത്വ ∙ ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന അതിഥിത്തൊഴിലാളികളുടെ വരവ് വൻതോതിൽ കുറഞ്ഞതോടെ എത്തുന്ന തൊഴിലാളികൾക്കായി കരാറുകാരുടെ ചാക്കിട്ടു പിടിത്തം. കുട്ടനാട്ടിൽ ആയിരക്കണക്കിനു ഇതര സംസ്ഥാന തൊഴിലാളികളാണ് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നത്. തൊഴിലാളികളുടെ കുറവ് വന്നതോടെ നിർമാണ മേഖലയ്ക്കു പുറമേ കാർഷിക മേഖലയിലും വലിയ സ്തംഭനമാണ് ഉണ്ടായിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാടുകളിലേക്ക് വണ്ടി കയറിയ തൊഴിലാളികളിൽ 75 ശതമാനവും തിരികെ എത്തിയിട്ടില്ല. ഇതോടെയാണ് നാട്ടിലെത്തുന്ന തൊഴിലാളികളെ റാഞ്ചാൻ റെയിൽവേ സ്റ്റേഷനുകളിൽ കരാറുകാരുടെ തിരക്ക്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങി ഒട്ടു മിക്ക റെയിൽവേ സ്റ്റേഷനുകളിലും ഇതു കാണാൻ കഴിയും. എസ്ഐആറുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ തൊഴിലാളികളും നാട്ടിലേക്ക് വണ്ടി കയറിയത്.ഒരു കൂട്ടർ വിളിച്ചു വരുത്തുന്ന തൊഴിലാളികളെ മറ്റൊരു കൂട്ടർ കൂടിയ കൂലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്. കുട്ടനാടൻ നിർമാണ മേഖലയിൽ തൊഴിലാളി ക്ഷാമം മൂലം ജോലികൾ നിലച്ച മട്ടാണ്. കഴിഞ്ഞ മൂന്നുമാസമായി 75 ശതമാനത്തിലധികം നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. തിരുവോണത്തിന് ഗൃഹപ്രവേശം തീരുമാനിച്ചാണു പല കുടുംബങ്ങളും കരാറുകാരുമായി ധാരണയായിട്ടുള്ളത്. നിർമാണം പുനരാരംഭിക്കാത്തതിൽ വീട്ടുകാരും കരാറുകാരും തമ്മിൽ വാക്കുതർക്കവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം ധാരണ പ്രകാരം നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു കരാറുകാർ പറയുന്നു.


Source link

Back to top button