LIFESTYLE
2500 രൂപയ്ക്ക് എൽപിജി സിലിണ്ടർ ബ്ലാക്കിൽ വാങ്ങി: പക്ഷേ, അകത്ത് നിറയെ വെള്ളം!

ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് അടച്ചതോടെ ധാരാളം രാജ്യങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമായി. കേരളത്തിലും ഗാർഹിക സിലിണ്ടർ ലഭിക്കാതെ വീട്ടുകാർ പരക്കംപായുന്ന അവസ്ഥയുണ്ടായി.എന്നാൽ എൽപിജി സിലിണ്ടർ ലഭ്യമാകാതെ വന്നതോടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് ചെറുകിട ഭക്ഷണശാലകൾ നടത്തുന്നവരാണ്. കച്ചവടം തടസ്സപ്പെടാതിരിക്കാൻ വൻതുക മുടക്കി കരിഞ്ചന്തയിൽ നിന്ന് സിലിണ്ടർ വാങ്ങേണ്ട അവസ്ഥ. എന്നാൽ അനധികൃത മാർഗ്ഗത്തിലൂടെയുള്ള ഇത്തരം ഇടപാടുകൾ സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള വഴി കൂടിയാണ്. ഇത്തരത്തിൽ കരിഞ്ചന്തയിൽ നിന്നും സിലിണ്ടർ വാങ്ങി കബളിപ്പിക്കപ്പെട്ട മീററ്റ് സ്വദേശിയായ ഒരു വ്യക്തിയുടെ അനുഭവം ഇപ്പോൾ മാധ്യമശ്രദ്ധ നേടുകയാണ്.മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തിന് കീഴിലുള്ള താരാപുരി എന്ന് സ്ഥലത്തുനിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വണ്ടിയിൽ പക്കോഡ വ്യാപാരം നടത്തുന്ന ഫാഹിം എന്ന വ്യക്തിയാണ് കബളിപ്പിക്കപ്പെട്ടത്. ഗാർഹിക ഉപയോഗത്തിനായി കൈവശമുണ്ടായിരുന്ന സിലിണ്ടർ കാലിയായതോടെ അദ്ദേഹം അനധികൃത വ്യാപാരിയെ ആശ്രയിക്കുകയായിരുന്നു. അങ്ങനെ 14 കിലോഗ്രാമിന്റെ എൽപിജി സിലിണ്ടർ 2500 രൂപയ്ക്ക് വാങ്ങി. പണം അധികമായി നൽകേണ്ടി വന്നാലും കാര്യം നടന്നല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഫാഹിമും കുടുംബവും.എന്നാൽ സിലിണ്ടർ വീട്ടിലെത്തിച്ച് പ്രവർത്തിപ്പിച്ചു നോക്കിയപ്പോഴാണ് സ്റ്റൗ കത്തുന്നില്ല എന്ന് കണ്ടെത്തിയത്. സ്റ്റൗവിന്റെയോ റെഗുലേറ്ററിൻ്റെയോ പ്രശ്നമാവാം എന്നാണ് ഇവർ ആദ്യം കരുതിയത്. പലയാവർത്തി സ്റ്റൗവും റെഗുലേറ്ററും ട്യൂബും എല്ലാം പരിശോധിച്ചെങ്കിലും ബർണറിലേക്ക് ഗ്യാസ് എത്തുന്നില്ല എന്ന് കണ്ടതോടെ സിലിണ്ടറിൻ്റെ പ്രശ്നമാവാം എന്ന് തിരിച്ചറിഞ്ഞു. പരിശോധിക്കാനായി സിലിണ്ടർ ഉയർത്തി തലകീഴായി പിടിച്ചപ്പോഴാണ് അതിൽ നിന്നും വെള്ളം പുറത്തേക്ക് ചീറ്റി തുടങ്ങിയത്.സിലിണ്ടറിൽ വെള്ളം നിറച്ച് കബളിപ്പിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻതന്നെ ഇതിൻ്റെ ദൃശ്യങ്ങളും പകർത്തി. വളരെ ചെറിയ അളവിൽ മാത്രമാണ് സിലിണ്ടറിനുള്ളിൽ ഗ്യാസ് ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.എത്ര അടിയന്തര സാഹചര്യമാണെങ്കിലും അംഗീകൃത വ്യാപാരികളിൽ നിന്നു മാത്രം ഗ്യാസ് സിലിണ്ടർ വാങ്ങിയില്ലെങ്കിൽ പതിയിരിക്കുന്ന അപകടങ്ങൾ വലുതാകാമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. നേരായ രീതിയിൽ വാങ്ങുന്ന സിലിണ്ടറിന് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ വഴികളുണ്ട്. എന്നാൽ കരിഞ്ചന്തയിൽ നിന്നും വാങ്ങിയ സിലിണ്ടറിന്റെ പേരിൽ പരാതിപ്പെടാനോ നഷ്ടപരിഹാരം ലഭിക്കാനോ സാധ്യതയില്ല എന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
Source link
CINEMA


