NEWS

പിഷാരടി, ധ്യാൻ, മാലാ പാര്‍വതി എന്നിവരടങ്ങുന്ന സമിതി േവണമെന്ന് അൻസിബ; അത് നടക്കില്ലെന്ന് കുക്കു പരമേശ്വരൻ


‘അമ്മ’ എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമിനും എക്സിക്യുട്ടീവ് കമ്മിറ്റിയിലെ നടി ലക്ഷ്മിപ്രിയക്കുമെതിരെ ഉന്നയിച്ച പരാതി നിഷ്പക്ഷമായി കേൾക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ. എന്നാൽ അൻസിബയുടെ ആവശ്യം സംഘടന പരിഗണിക്കാൻ സാധ്യത കുറവാണ്. ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കൽ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. തന്‍റെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. അൻസിബയുടെ ആരോപണങ്ങളെ തുടർന്ന് സംഘടനയിൽ വലിയ പൊട്ടിത്തെറികളും ചേരിതിരിവും ഉണ്ടായ പശ്ചാത്തലത്തിൽ, അവരുടെ വാദം കേൾക്കുന്നതിനായി ‘അമ്മ’ ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ നേരിട്ട് ‘അമ്മ’ ഓഫിസിൽ എത്തി തെളിവുകൾ സഹിതം ഹാജരാകാനായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം. ഇതിന് മറുപടിയായി അയച്ച ഇമെയിലിലാണ് അൻസിബ തന്റെ നിലപാടുകളും നിബന്ധനകളും വ്യക്തമാക്കിയത്. സമിതിക്ക് മുമ്പാകെ പരാതി പറയുന്നത് പൂർണമായും ചിത്രീകരിക്കണമെന്നും, ആ വിഡിയോയുടെ ഒരു പകർപ്പ് തനിക്ക് കൈവശം വെക്കാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുന്ന ടിനി ടോമിന്റെയും മറ്റ് അംഗങ്ങളുടെയും ഭാഗങ്ങൾ കൂടി സമിതി കേൾക്കണം. എല്ലാ വിഭാഗം ആളുകളുടെയും വാദങ്ങൾ കേട്ട ശേഷം മാത്രമേ നീതിപൂർവമായ ഒരു തീരുമാനം എടുക്കാവൂ എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പൂർണമായും നീതി ലഭിക്കുന്ന തരത്തിലായിരിക്കണം ഇതിനായുള്ള സംവിധാനം പ്രവർത്തിക്കേണ്ടതെന്നും അൻസിബ വ്യക്തമാക്കി.


Source link

Back to top button