NEWS

പിണറായിയെ പ്രതിരോധിച്ചു: കോടിയേരിക്കു ലൈൻ വേറെ, കേസുകളിൽ സിപിഎം നിലപാട് ചർച്ചാവിഷയം


തിരുവനന്തപുരം ∙ മകൾ വീണയുടെ കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡിൽ പിബി അംഗം പിണറായി വിജയനു സിപിഎം പരിധിവിട്ട പ്രതിരോധം തീർത്തപ്പോൾ ചർച്ചയാകുന്നത് മറ്റൊരു പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനുൾപ്പെട്ട ഇ.ഡി കേസിലെ പാർട്ടി നിലപാട്. 2020 ൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു കോടിയേരി. ബിനീഷിനെതിരെ വ്യക്തിപരമായി ഉയർന്ന ആരോപണമാണെന്നും പാർട്ടിയെന്ന നിലയിൽ ആ പ്രശ്നത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. അന്വേഷണ ഏജൻസിയുടെ കയ്യിൽ എന്തെല്ലാമുണ്ടെന്ന് അറിയാതെ അതു സംബന്ധിച്ച് ഒന്നും പറയാനാകില്ലെന്നും അന്വേഷണ ഏജൻസി ഇവിടെയെത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമാണെന്നുമായിരുന്നു അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം. എന്നാൽ റെയ്ഡ് പിണറായിയുടെ മകളിലേക്ക്, വീട്ടിലേക്ക് എത്തിയതോടെ, ഇതു വ്യക്തിക്കെതിരെയല്ല പാർട്ടിക്കെതിരെയുള്ള കടന്നാക്രമണം എന്ന നിലയിലേക്കു നിലപാടും പ്രതികരണവും മാറി.മകൻ ഒരു വ്യക്തിയാണ് എന്നു പറഞ്ഞൊഴിഞ്ഞ കോടിയേരി ഇടക്കാലത്ത് പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനിന്നെങ്കിൽ ഇന്നലെ ഇ.ഡി റെയ്ഡ് തുടങ്ങി ഒരു മണിക്കൂർ തികയുംമുൻപേ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. സിപിഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേർന്നു പ്രതിഷേധ പരിപാടികളും നിശ്ചയിച്ചു. സംസ്ഥാന സെക്രട്ടറി തന്നെ ഇ.ഡിക്കെതിരെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഡൽഹിയിൽ ജനറൽ സെക്രട്ടറിയടക്കം അറസ്റ്റ് വരിച്ചു. ഇ.ഡി അന്വേഷണം തുടങ്ങിയതേയുള്ളൂവെങ്കിലും വീണയുടേതു നിയമപരമായ ബിസിനസ് ഇടപാടാണെന്നും ഇക്കാര്യത്തിൽ പിണറായിക്ക് ഒരു പങ്കുമില്ലെന്നും പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. പിണറായി കൂടി താമസിക്കുന്ന വീട്ടിൽ വീണയ്ക്കെതിരെ ഇ.ഡി റെയ്ഡ് നടക്കുമ്പോൾ പ്രതിഷേധിച്ച സിപിഎം പ്രവർത്തകരുടെ മുൻനിരയിൽ ബിനീഷ് കോടിയേരിയുമുണ്ടായിരുന്നു എന്ന കൗതുകവുമുണ്ട്.


Source link

Back to top button