ഒന്നും രണ്ടുമല്ല ലക്ഷങ്ങളുടെ മത്സ്യങ്ങൾ കനാലിൽ ചത്തുപൊങ്ങി, കാരണമായത് ഈ പ്രശ്നം

കയ്പമംഗലം: മുന്നറിയിപ്പോ നടപടിക്രമങ്ങളോ പാലിക്കാതെ ബണ്ട് പൊട്ടിച്ചതിനെ തുടർന്ന് കനോലി കനാലിൽ മലിന ജലം കലർന്ന് കൂട് മത്സ്യക്കൃഷിയിലെ മത്സ്യങ്ങളൊന്നടങ്കം ചത്തുപൊന്തി. പുഴയിൽ കൂടുകെട്ടി മത്സ്യക്കൃഷി ചെയ്തിരുന്ന കർഷകരുടെ 14ഓളം കൂട് കൃഷിയിലെ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. ഇന്നലെ മുതലാണ് മത്സ്യങ്ങൾ ചത്തു തുടങ്ങിയത്. പടിയൂർ പഞ്ചായത്തിലെ ബണ്ടുകൾ തുറന്നതോടെയാണ് ഷൺമുഖം കനാലിലൂടെ മലിനജലം പുഴയിലേക്ക് ഒഴുകിയെത്തിയതെന്ന് കർഷകർ ആരോപിച്ചു.
14 കൂടുകളിലായി വളർത്തിയിരുന്ന കരിമീൻ, കാളാഞ്ചി തുടങ്ങിയവയാണ് ചത്തത്. 150 ഗ്രാം മുതൽ ഒരു കിലോയോളം വരെ തൂക്കമുള്ള മിനുകളാണിവ. പെരുന്നാളിനോടനുബന്ധിച്ച് വിളവെടുക്കാനിരുന്നതാണെന്ന് കർഷകർ പറഞ്ഞു.
ലക്ഷങ്ങളുടെ നഷ്ടം
ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങിയതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മതിലകം, പടിയൂർ, ശ്രീനാരായണപുരം, വെള്ളാങ്കല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനോലി കനാലിലാണ് മലിന ജലം കലർന്നത്. പുഴയിലെ വെള്ളം മാലിന്യം കലർന്ന് ദുർഗന്ധം വമിക്കുന്ന നിലയിലാണ്.
അറവുമാലിന്യങ്ങളും മറ്റും പുഴയിൽ നിക്ഷേപിക്കുന്ന അവസ്ഥയുണ്ടെന്നും മലിനജലം മൂലം കേര കൃഷി ഉൾപ്പെടെയുള്ളവ നാശിക്കുന്നതായും തൊഴിലാളികൾ പറഞ്ഞു. സംഭവമറിഞ്ഞ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുഴയിൽ നിന്നുള്ള ജലം ശേഖരിച്ച് പരിശോധന നടത്തുമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കൈകൊള്ളുമെന്നും കുഫോസ് റജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.സീമ എന്നിവർ പറഞ്ഞു.
Source link
NEWS


