NEWS

അന്വേഷണം തടയാൻ മുൻ സർക്കാർ മുടക്കിയത് 1.75 കോടി; സിറ്റിങ്ങിന് 25 ലക്ഷം വാങ്ങുന്ന അഭിഭാഷകൻ, എന്നിട്ടും തോറ്റു


തിരുവനന്തപുരം ∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു തടയിടാൻ വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസി അഭിഭാഷക ഫീസായി ചെലവിട്ടത് 1.75 കോടി രൂപ. സിഎംആർഎൽ കമ്പനിയിൽ 13.41% ഓഹരിയുണ്ടെന്നതിനാലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കാൻ കെഎസ്ഐഡിസി പൊതുപണം ചെലവിട്ട് ഇറങ്ങിയത്. പുതിയ അന്വേഷണത്തിൽ ഇ.ഡി കെഎസ്ഐഡിസിയിലേക്കും എത്താനുള്ള സാധ്യതയുണ്ടെന്നിരിക്കെ, പുതിയ സർക്കാരിനു കീഴിലുള്ള കെഎസ്ഐഡിസി ഇതിനെതിരെ നിയമപോരാട്ടത്തിനിറങ്ങുമോ എന്നു വ്യക്തമല്ല. സിഎംആർഎലുമായുള്ള ബിസിനസ് പങ്കാളിത്തം ഉപേക്ഷിക്കണമെന്നും നിക്ഷേപം പിൻവലിക്കണമെന്നുമുള്ള ശുപാർശയടങ്ങിയ ഫയലിൽ കെഎസ്ഐഡിസി എംഡി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിലും പുതിയ സർക്കാർ തീരുമാനമെടുക്കേണ്ടിവരും.സിറ്റിങ്ങിന് 25 ലക്ഷംരൂപ ഫീസ് വാങ്ങുന്ന അഭിഭാഷകനെയാണ് എസ്എഫ്ഐഒയെ നേരിടാൻ കെഎസ്ഐഡിസി ചുമതലപ്പെടുത്തിയിരുന്നത്. ഹൈക്കോടതിയിൽ സ്വന്തം സ്റ്റാൻഡിങ് കൗൺസൽ ഉള്ളപ്പോഴായിരുന്നു ഇത്. ഏതാണ്ട് 1.75 കോടി രൂപ ചെലവായെങ്കിലും കേസ് തോറ്റു. ചെലവിട്ട തുക എത്രയെന്നതു വിവരാവകാശ നിയമപ്രകാരം പോലും കെഎസ്ഐഡിസി വെളിപ്പെടുത്തിയിരുന്നില്ല. വിവാദത്തിൽ അകപ്പെട്ടിട്ടും സിഎംആർഎലുമായുള്ള ബിസിനസ് ബന്ധം തുടരുന്നതും ദുരൂഹം. കെഎസ്ഐഡിസി സിഎംആർഎലിൽ ഡയറക്ടർമാര‍ായി ചുമതലപ്പെടുത്തിയിരുന്നവർ അവിടെനിന്നു ശമ്പളം പറ്റുകയും വിരമിച്ചശേഷം സിഎംആർഎലിന്റെ സ്വതന്ത്ര ഡയറക്ടർമാരായി മാറുകയും ചെയ്തിരുന്നു. എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയ ശേഷമാണു ശമ്പളം വാങ്ങുന്നതു നിർത്തിയത്. എസ്എഫ്ഐഒയുടെ അന്വേഷണത്തിൽ സിഎംആർഎൽ പ്രതിചേർക്കപ്പെട്ടപ്പോൾ, ഓഹരി പങ്കാളിയെന്ന നിലയിൽ കമ്പനിയോടു വിശദീകരണം ചോദിച്ച കെഎസ്ഐഡിസി ചെയർമാനു സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.


Source link

Back to top button