NEWS

‘തോൽവിക്ക് കാരണം ഗണേശ്‌ കുമാറിന്റെ നാക്ക്, പുച്ഛ മനോഭാവം വിനയായി’; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

കൊല്ലം: മുൻ മന്ത്രി കെ ബി ഗണേശ്‌ കുമാറിനെതിരെ കടുത്ത വിമർശനവുമായി സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗം. പത്തനാപുരം മണ്ഡലത്തിൽ ഗണേശ്‌കുമാർ നേരിട്ട തോൽവിക്ക് കാരണം അദ്ദേഹത്തിന്റെ നാക്കാണെന്ന് യോഗം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനോടടുത്ത കാലങ്ങളിൽ ഗണേശ്‌കുമാർ നടത്തിയ പല പ്രസംഗങ്ങളും മാദ്ധ്യമങ്ങളോടുള്ള പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നെന്നും യോഗം ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന നേതൃത്വത്തിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു.

കെബി ഗണേശ്‌കുമാറിന്റെ മന്ത്രി ഓഫീസ് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നും ഇടപെടാതിരുന്നത്, പാർട്ടി നേതാക്കളോട് പോലുമുള്ള പുച്ഛഭാവത്തിലുള്ള പെരുമാറ്റം, എൻഎസ്എസുമായുണ്ടായ പ്രശ്‌നം തുടങ്ങിയവയാണ് ഗണേശ്‌കുമാറിന്റെ തോൽവിക്ക് കാരണമായി കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കും ഗണേശ്‌ കുമാർ കാരണമായെന്ന് കമ്മിറ്റി ആരോപിച്ചു.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പാർട്ടിയുടെ സംസ്ഥാനനേതൃത്വത്തിൽ മാറ്റം വരണമെന്നും കമ്മിറ്റിയിൽ ആവശ്യം ഉയർന്നു. ചർച്ചയിൽ പങ്കെടുത്ത 17 പേരും ഒറ്റക്കെട്ടായാണ് ആവശ്യമുയർത്തിയത്. വി എസ് അച്യുതാനന്ദനും ഇ കെ നായനാരും ഒരുമിച്ചു ജയിച്ച കാലത്ത് വി എസ് പ്രതിപക്ഷ നേതാവാകുകയും നായനാർ മാറിനിൽക്കുകയും ചെയ്‌തു. അതേ മാതൃകയിൽ പിണറായിയും മാറിനിൽക്കണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. പിണറായിയുടെ ധാർഷ്‌ട്യമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

എം വി ഗോവിന്ദനെതിരെയും കടുത്ത വിമർശനമാണുയർന്നത്. ജനങ്ങളെ കേൾക്കാത്ത സെക്രട്ടറിയാണ് പാർട്ടിക്കുള്ളത്, പുതിയ രണ്ടാം നിര നേതൃത്വത്തെ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു, ജി സുധാകരനെതിരെ നടത്തിയ ചെറ്റ പ്രയോഗം ഒരു കമ്മ്യൂണിസ്റ്റും പറയാൻ പാടില്ലാത്തതാണ് തുടങ്ങിയ വിമർശനങ്ങളും കമ്മിറ്റിയിൽ ഉയർന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിലായിരുന്നു യോഗം.


Source link
NEWS

Back to top button