ദിശ മാറ്റം സൂചിപ്പിക്കുന്ന ജനവിധികള്‍

തിരുവനന്തപുരം: എല്ലാ കണക്കുകൂട്ടലുകളെയും കാറ്റില്‍പ്പറത്തികൊണ്ടുള്ള ഒരു നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് 2026 മേയ് നാലിന് കേരളം കണ്ടത്. പത്ത് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അനൈക്യവും കെട്ടുറപ്പില്ലായ്മയും നിലനില്‍ക്കുന്നതിനിടയിലും എങ്ങനെ ഇത്രയും സീറ്റില്‍ ജയിച്ചുകയറി എന്ന കാര്യത്തില്‍ അതിശയത്തിന് വകയൊന്നുമില്ല.
കാരണം പത്ത് വര്‍ഷം നീണ്ട പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ജനത്തിനുണ്ടായ അതൃപ്തി യുഡിഎഫിന് അനൂകൂലമായെന്നേയുള്ളൂ. ജനങ്ങള്‍ക്ക് മുമ്പില്‍ ഇപ്പോള്‍ മറ്റൊരു ബദലുമില്ല. ഈയൊരു അവസ്ഥയാണ് കേരളത്തില്‍ വീണ്ടും യുഡിഎഫിന് വഴിവച്ചത്. കേരളത്തില്‍ ഓരോ മുന്നണിയും നേടിയ വോട്ടുശതമാനം സൂചിപ്പിക്കുന്നത് കേരള രാഷ്ട്രീയം മാറ്റത്തിന്റെ മറ്റൊരു നാല്‍ക്കവലയില്‍ നില്‍ക്കുകയാണെന്നാണ്. ഒരു വ്യാഴവട്ടക്കാലത്തിനുള്ളില്‍ തന്നെ കേരള രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ഭാവി മറ്റൊരു ദിശയിലേക്ക് പ്രയാണം തുടങ്ങുമെന്നും വോട്ടുശതമാന കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
കേരളത്തെ പത്ത് വര്‍ഷം നയിച്ച ഇടതുമുന്നണിക്ക് 35 സീറ്റ് നിലനിര്‍ത്താന്‍ മാത്രമാണ് കഴിഞ്ഞത്. യുഡിഎഫാകട്ടെ 102 സീറ്റുമായി വിസ്മയ വിജയമാണ് നേടിയിരിക്കുന്നത്. 1980ന് ശേഷമുള്ള മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ 2001ല്‍ അവര്‍ നേടിയ 99 സീറ്റ് എന്ന റെക്കോര്‍ഡിനെ മറികടക്കുന്നതായി യുഡിഎഫിന്റെ 102 സീറ്റ് നേട്ടം. കോണ്‍ഗ്രസ് തനിച്ച് 63 സീറ്റും ഘടക കക്ഷിയായ മുസ്ലിംലീഗ് 22 സീറ്റും നേടി ശക്തികാട്ടി.
അതേസമയം, സിപിഎം ആകട്ടെ 26 സീറ്റിലും സിപിഐ എട്ടിലും ഒതുങ്ങി. എല്‍ഡിഎഫിലെ മറ്റ് എട്ട് കക്ഷികള്‍ക്ക് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് കേരള കോണ്‍ഗ്രസ് (എം) ആണ്. കേരള കോണ്‍ഗ്രസ് (ബി), എന്‍സിപി (ശരത് പവാര്‍), ഐഎസ്ജെഡി, കോണ്‍ഗ്രസ് (എസ്), ഐഎന്‍എല്‍, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, ആര്‍എസ്പി (ലെനിനിസ്റ്റ്) എന്നീ കക്ഷികള്‍ക്ക് ഈ നിയമസഭയില്‍ പ്രാതിനിദ്ധ്യമേ ഇല്ലതായി. ജനതരംഗത്തില്‍ യുഡിഎഫിലെ
ഘടകക്ഷികള്‍ക്ക് ഇത്തവണ കൂടുതല്‍ ശക്തിയാര്‍ജിക്കാനായി എന്നതും പ്രത്യേകതയാണ്.
കേരള കോണ്‍ഗ്രസിന്റെ അംഗബലം രണ്ടില്‍ നിന്ന് ഏഴായി ഉയര്‍ന്നു. കഴിഞ്ഞ സഭയില്‍ പ്രാതിനിധ്യമില്ലാതിരുന്ന ആര്‍എസ്‌പി ഇപ്പോള്‍ മൂന്ന് സീറ്റ് നേടി ശക്തരായി. 2001ല്‍ എം വി രാഘവന്‍ വിജയിച്ചശേഷം സി പി ജോണിലൂടെ സിഎംപിയും വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ്. കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കപ്പുറം ബിജെപിയുടെ നേതൃത്വത്തില്‍ ഒരു മൂന്നാം മുന്നണിയുടെ പ്രാതിനിദ്ധ്യം വിദൂരമല്ലെന്ന് സൂചിപ്പിക്കുന്നതായി മൂന്ന് സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തിളങ്ങുന്ന വിജയം. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലെ ബിജെപി വിജയം കേരള രാഷ്ട്രീയത്തിന്റെ വഴിത്തിരിവിലേക്കുള്ള ചൂണ്ടുപലകയായി കണക്കാക്കാം.
2016ല്‍ ഒ രാജഗോപാല്‍ നേമത്ത് വിജയിച്ചതിനുശേഷം ഇപ്പോഴാണ് ബിജെപി വീണ്ടും സീറ്റ് നേടുന്നത്. ആറ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും ഉണ്ടായിരുന്നു. പിണറായി വിജയന്‍ മന്ത്രിസഭയിലെ 13 മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനറും പരാജയപ്പെട്ടതിന് പുറമേ പിണറായി വിജയന് ധര്‍മ്മടത്ത് തിളക്കം കുറഞ്ഞ വിജയമാണ് ലഭിച്ചത്. സിപിഎം വിട്ട് മത്സരിച്ച ജി സുധാകരനും ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും ഒക്കെ ചേര്‍ന്ന് പയ്യന്നൂരും തളിപ്പറമ്പും തൃക്കരിപ്പൂരും അമ്പലപ്പുഴയിലുമെല്ലാം ഇടത് കോട്ടകള്‍ തകര്‍ത്തപ്പോള്‍ അത് ജനഹിതം അറിയുന്നതില്‍ ഭരണാധികാരികാരികള്‍ക്ക് പറ്റിയ വീഴ്ചയുടെ ഉദാഹരണമായി മാറി.
സമാനമായ അവസ്ഥയാണ് ബംഗാളിലും തമിഴകത്തും കാണാനായത്. എസ്‌ഐആറിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായാണ് ജയിച്ചു കയറിയിരിക്കുന്നത്. ഇതോടെ ഒന്നരപ്പതിറ്റാണ്ട് നീണ്ട മമതയുടെ ഭരണത്തിന് ബംഗാളില്‍ വിരാമമായി. വീണ്ടും മുഖ്യമന്ത്രിപദം സ്വപ്‌നം കണ്ടിരുന്ന മമതാബാനര്‍ജി ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെടുന്ന പരിതാപകരമായ അവസ്ഥയും സംജാതമായി. തമിഴ്‌നാട്ടിലാകട്ടെരാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയെല്ലാം മറികടന്നാണ് ജോസഫ് വിജയ് നയിച്ച ടിവികെ മുന്നേറുകയും ഒടുവില്‍ മുഖ്യമന്ത്രിയായി അവരോധിതനാകുകയും ചെയ്തത്.
അസമില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയപ്പോള്‍ പുതുച്ചേരിയില്‍ ഭരണകക്ഷിയായ എന്‍ ആര്‍ കോണ്‍ഗ്രസിന് ജനം തുടര്‍ ഭരണം നല്‍കുകയായിരുന്നു. ഇന്ത്യന്‍ ജനതയില്‍ രാഷ്ട്രീയ പക്വതയും ജനായത്ത ജാഗ്രതയും കൂടുതല്‍ കൂടുതല്‍ ഊര്‍ജ്ജിതമാകുകയാണെന്നാണ് ഈ ജനവിധികള്‍ നല്‍കുന്ന ഗുണപാഠം. അത്യന്തികമായി രാഷ്ട്രീയക്കാര്‍ ജനസേവകരും ജനപ്രതിനിധികളും മാത്രമാണെന്ന ജാഗ്രത ഓരോ പൊതുപ്രവര്‍ത്തകനുമുണ്ടാകണം.
(ഫൊക്കാന മുൻപ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)
Source link
NEWS

