NEWS
എക്സാലോജിക്–സിഎംആർഎൽ പണമിടപാട്; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി ∙ വിവാദ എക്സാലോജിക്–സിഎംആർഎൽ അനധികൃത പണമിടപാടു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. ഇ.ഡിയുടെ അന്വേഷണ നടപടികളും സമൻസും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത, കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് തള്ളിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ വലിയ തുക പ്രതിഫലമായി നൽകിയെന്നതാണ് കേസ്. ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നൽകി എന്നായിരുന്നു ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾ ആരംഭിക്കാനുള്ള കുറ്റകൃത്യങ്ങൾ നിലവിലില്ലെന്നും ഇ.ഡിക്ക് അന്വേഷണ അധികാരമില്ലെന്നുമാണ് സിഎംആർഎൽ പ്രധാനമായും ഹൈക്കോടതിയിൽ വാദിച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കമ്പനി നിയമപ്രകാരം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും അതുകൊണ്ട് മറ്റ് ഏജൻസികൾക്ക് ഈ ഇടപാടിൽ അന്വേഷണം നടത്താൻ നിയമപരമായി കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു.
Source link

