NEWS

കാത്തിരിപ്പ് മിച്ചം, മദ്യപാനികൾക്ക് നിരാശ; മിന്നൽ മാജിക്ക് ബ്രാണ്ടി ഉടൻ വിപണിയിലെത്തില്ല

പാലക്കാട്: മദ്യപാനികൾക്ക് കടുത്ത നിരാശ നൽകി ബിവറേജസ് കോർപ്പറേഷൻ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലബാർ ഡിസ്റ്റിലറീസ് പ്രഖ്യാപിച്ച ‘മിന്നൽമാജിക് ‘ ബ്രാണ്ടിയുടെ ഉത്പാദനം നിറുത്തിവയ്ക്കാൻ കോർപ്പറേഷൻ എംഡി എം ആർ അജിത് കുമാർ നിർദ്ദേശം നൽകിയെന്നാണ് പുതിയ റിപ്പോർട്ട്. തൊഴിൽ തർക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചനകൾ. മേയ് മാസം അവസാനത്തോടെ മിന്നൽ മാജിക്ക് ഔട്ട്ലെറ്റുകളിൽ എത്തുമെന്നാണ് ബന്ധപ്പെട്ടവർ നേരത്തേ അറിയിച്ചിരുന്നത്. ഇതിനായി ട്രയൽ റൺ അടക്കമുള്ള മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. പാലക്കാട് മേനോൻ പാറയിലെ മലബാർ ഡിസ്റ്റിലറിയിൽ മൂന്ന് ബോട്ട്ലിംഗ് ലൈനുകളാണ് വേണ്ടത്. ഇതിൽ ഒരെണ്ണം സ്ഥാപിച്ചായിരുന്നു ട്രയൽ റൺ തുടങ്ങിയത്.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് മിന്നൽ മാജിക്ക് പുറത്തിറക്കാൻ വേണ്ട നടപടികൾ ആരംഭിച്ചത്. വിലകുറഞ്ഞ മദ്യം എന്നനിലയിൽ പുറത്തിറങ്ങുംമുമ്പുതന്നെ മിന്നൽ മാജിക്ക് മദ്യപാനികൾക്കിടയിൽ പ്രചാരം നേടിയിരുന്നു. അരലിറ്ററിന് 400 രൂപയാണ് നിശ്ചയിച്ചിട്ടുള്ള വില.ഡിസ്റ്രിലറിയുടെ നിർമ്മാണ ജോലികൾ പൂർത്തിയാവാത്തതും വിവിധ ലൈസൻസുകൾ കിട്ടാനുള്ള കാലതാമസവും തുടക്കത്തിലേ പ്രതിബന്ധമായി. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതും സാമ്പത്തിക വർഷാവസാനവുമെല്ലാം മറ്റു തടസങ്ങളുമായി.ഇതെല്ലാം വിജയകരമായി തരണം ചെയ്ത് ഉത്പാദനത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ പ്രതിബന്ധമെത്തിയത്.

യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ് മിന്നലിന് തൊഴിൽ തർക്കം പ്രശ്നമായത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് 90 താൽക്കാലിക സ്ത്രീ തൊഴിലാളികളെ നിയമിച്ചതാണ് പ്രശ്നമായത്. ഇവരുടെ നിയമനത്തിനെതിരെ കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തി. സിപിഎം ഭരണത്തിലുള്ള നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എഡിഎസ് വഴി തയ്യാറാക്കിയ പട്ടികയിൽ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. എക്സൈസ് മന്ത്രിക്കുവരെ ഇതുസംബന്ധിച്ച് പരാതി എത്തി. നിയമനത്തിൽ സുതാര്യത വേണമെന്നും വിഷയത്തിൽ സർക്കാർ അവർ ആവശ്യപ്പെടുന്നു.അതോടെയാണ് ഉൽപ്പാദനം നിറുത്തിവയ്ക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ താൽക്കാലിക തൊഴിലാളികളുടെ പട്ടിക തയ്യാറാക്കിയത് പൂർണമായും കുടുംബശ്രീയാണെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

മൂന്ന് ബോട്ട്ലിംഗ് ലൈനുകളും പൂർണമായി പ്രവർത്തിച്ച് തുടങ്ങുമ്പോൾ പ്രതിദിനം 13,500 കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനാകും. നേരിട്ടും അല്ലാതെയുമായി 250 ഓളം പേർക്ക് തൊഴിൽ ലഭിക്കും. കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനിയാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. ഭാവിയിൽ പഴവർഗങ്ങളിൽ നിന്നും മൂല്യവർദ്ധിത വസ്തുക്കൾ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. കമ്പനിയിൽ മഴവെള്ള സംഭരണിയും സ്ഥാപിക്കുന്നുണ്ട്.


Source link
NEWS

Back to top button