NEWS
‘സിപിഎമ്മിൽ നടക്കുന്നത് പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റുക; അവിടെ നിൽക്കാൻ കൊള്ളില്ല’

അമ്പലപ്പുഴ∙ സിപിഎമ്മിനെതിരെ വീണ്ടും ശക്തമായ വിമർശനവുമായി ജി.സുധാകരൻ എംഎൽഎ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗ വേദിയിലാണ് സിപിഎമ്മിനെതിരെ സുധാകരൻ വീണ്ടും ആഞ്ഞടിച്ചത്. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നു സുധാകരൻ പറഞ്ഞു. ‘‘സിപിഎമ്മിൽ ആത്മവിമർശനമൊന്നുമില്ല. അത് വെറുതെ പറയുന്നതാണ്. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ല. അതുകൊണ്ടാണ് ഞാൻ അംഗത്വം പുതുക്കാതിരുന്നത്. ഞങ്ങൾ ചേർന്ന കാലത്തെ പാർട്ടിയല്ല ഇത്. പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക. ഇതാണിപ്പോൾ നടക്കുന്നത്’’ – സുധാകരൻ പറഞ്ഞു.സിപിഎം സ്ഥാനാർഥികള്‍ ചിലയിടത്ത് ജയിച്ചത് ഭാഗ്യമെന്നു കരുതിയാൽ മതിയെന്നും സുധാകരൻ പറഞ്ഞു. ‘‘വിജയരാഘവൻ എനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് കൂടുതൽ വോട്ട് കിട്ടി. പ്രസംഗിച്ചാലൊന്നും വോട്ട് കിട്ടില്ല. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം. 2021ൽ സിപിഎമ്മിന് 47 ശതമാനം വോട്ട് കിട്ടിയിരുന്നു. ഇപ്പോൾ അത് 26 ശതമാനമായി കുറഞ്ഞു. ഇത് അസാമാന്യമായ കഴിവാണ്. ചെങ്ങന്നൂരിൽ നല്ല സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ കോൺഗ്രസ് രാവിലെ 9 മണിക്ക് ജയിച്ചേനെ. അവിടെ എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞയാളെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. ഇത് കോൺഗ്രസ് പരിശോധിക്കണം. കായംകുളത്ത് രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ എന്നെ കാലുവാരി തോൽപ്പിക്കുകയായിരുന്നു’’– സുധാകരൻ പറഞ്ഞു.
Source link


