NEWS

‘കേരളത്തിലെ പാമ്പുകടി മരണങ്ങള്‍ പൂജ്യത്തിലെത്തിക്കണം’, ശാസ്ത്രീയമായ ഇടപെടലിന് സര്‍ക്കാര്‍

തിരുവനന്തപുരം: പാമ്പുകടി മരണങ്ങള്‍ പൂജ്യമാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് ആരോഗ്യവുകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. കേരളത്തില്‍ പാമ്പുകടിയേറ്റ് മരണങ്ങള്‍ പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനായുള്ള ശാസ്ത്രീയവും നയപരവുമായ ഇടപെടലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌നേക്ക് ബൈറ്റ് എന്‍വെനമിംഗ് മാനേജ്‌മെന്റ് എന്ന വിഷയത്തിലുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനമായിരിക്കെ പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങള്‍ ഇപ്പോഴും തുടരുന്നത് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി 20 ഓളം പേര്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പാമ്പുകടിയേറ്റ് മരണമടയുന്നതില്‍ കൂടുതലും കുഞ്ഞുങ്ങളാണ് എന്നത് ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്നും മന്ത്രി പരാമര്‍ശിച്ചു.

പാമ്പുകടിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സെമിനാര്‍ സംഘടിപ്പിച്ചതില്‍ മന്ത്രി ആരോഗ്യ സര്‍വകലാശാലയെ അഭിനന്ദിച്ചു. താലൂക്ക് ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും മന്ത്രി പ്രശംസിച്ചു. അതേസമയം പാര്‍ശ്വഫലങ്ങള്‍ ഭയന്ന് വിഷ ചികിത്സ നല്‍കാന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ശ്വഫലങ്ങളെ ഭയക്കാതെ ചികിത്സിക്കാനുള്ള സംവിധാങ്ങള്‍ പ്രാഥമിക തലം മുതല്‍ നടപ്പിലാക്കും.

മെഡിക്കല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്‌ളിക് ഹെല്‍ത്തില്‍ നടന്ന സെമിനാറില്‍ കേരളാ ആരോഗ്യ- ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായി. പാമ്പു കടി നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യശാസ്ത്ര ഗവേഷണ വൈദഗ്ദ്ധ്യം സംസ്ഥാനത്ത് രൂപപ്പെടുത്തുന്നതില്‍ ആരോഗ്യ സര്‍വ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഡോ യു അനുജ, രജിസ്ട്രാര്‍ ഡോ എസ് ഗോപകുമാര്‍, തിരുവനന്തപുരം ഡി എം ഒ ഡോ ബിന്ദു മോഹന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ പി കെ ജബ്ബാര്‍, ഗവ നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ കെ ജി സ്വപ്ന, സ്‌കൂള്‍ ഓഫ് പബ്‌ളിക് ഹെല്‍ത്ത് പ്രൊഫസര്‍ ഡോ തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു.

വനവകുപ്പ് വികസിപ്പിച്ച ‘സര്‍പ്പ’ മൊബൈല്‍ ആപ്പിന്റെ സേവനങ്ങളെ സെമിനാര്‍ ചര്‍ച്ച ചെയ്തു. പാമ്പുപിടിത്ത വിദഗ്ധരെയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളെയും അതിവേഗം കണ്ടെത്താന്‍ സര്‍പ്പ ആപ്പ് സഹായിക്കുന്നു. വിഷപ്പാമ്പുകളുടെ പരിസ്ഥിതി സ്വഭാവം, സര്‍പ്പ നിരീക്ഷണ സംവിധാനം, ആന്റി-സ്‌നേക്ക് വെനം ചികിത്സയിലെ പരിമിതികള്‍, പുതിയ ശാസ്ത്രീയ ചികിത്സാ സാധ്യതകള്‍ എന്നിവ സെമിനാറില്‍ ചര്‍ച്ചയായി. കുട്ടികളും സാമൂഹികമായി പിന്നാക്ക വിഭാഗങ്ങളും ഇപ്പോഴും കൂടുതലായി പാമ്പുകടിയേറ്റ് മരണപ്പെടുന്ന സാഹചര്യം പ്രത്യേക ആശങ്കയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കുറഞ്ഞ സൗകര്യമുള്ള വീടുകള്‍, തൊഴിലുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍, ‘ഗോള്‍ഡന്‍ അവര്‍ ചികിത്സ ലഭിക്കാത്തത് തുടങ്ങിയ ഘടകങ്ങള്‍ മരണനിരക്ക് വര്‍ധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി. നിലവിലെ പോളിവാലന്റ് ആന്റി-സ്‌നേക്ക് വെനം എല്ലാ ഇനങ്ങളുടെയും വിഷബാധയ്ക്കും ഫലപ്രദമല്ലാത്തതിനാല്‍ പുതിയ തലമുറ ചികിത്സാ മാര്‍ഗങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാറില്‍ ഉയര്‍ന്നു. ഐ സി എം ആര്‍ മുന്‍ എമിരിറ്റസ് പ്രൊഫസര്‍ ഡോ നിഷിഗന്ധ നായിക്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി ബി ടി റിസര്‍ച്ച് അസോസിയേറ്റ് ഡോ സന്ദീപ് ദാസ്, ഡി ബി ടി ഇന്ത്യ അലയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ കാര്‍ത്തിക് സുനഗര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


Source link
NEWS

Back to top button