മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്നുവിളിച്ച് അധിക്ഷേപം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കാസർകോട്: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. വാട്‌സാപ്പ് സന്ദേശത്തിൽ മന്ത്രിയെ വർഗീയവാദിയെന്ന് വിളിച്ചാണ് അധിക്ഷേപം നടത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനതിരെയാണ് നടപടി. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയാണ് സുജിത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
കാസർകോട് ജില്ലയിലെ ‘പൊലീസ് ഫ്രണ്ട്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സുജിത്ത് സന്ദേശമയച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് സംഭവത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
വാട്‌സാപ്പ് സന്ദേശത്തിന്റെ പൂർണരൂപം
സത്യപ്രതിജ്ഞാ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ച് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞാച്ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായിയെ കൊടുവിഷം എന്നുവിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനെയും കാണാം.
എന്നാൽ ആ ഭാഗത്തുനിന്ന് തൂവാലകൊണ്ട് മുഖം തുടച്ച് സ്‌കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപ്പോലും മതം, മതം, മതമാണ് പ്രശ്‌മെന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്കുകെട്ടി അണികളുടെ മുന്നിൽ തെറിവിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറയ്ക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ.
Source link
NEWS


